കോർപറേഷന്റെ കോടികൾ തട്ടിയ സംഭവം; ഭരണ-പ്രതിപക്ഷ പോരിന് മൂർച്ച കൂടി
text_fieldsകോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ കോഴിക്കോട് കോർപറേഷന്റെ വിവിധ അക്കൗണ്ടുകളിൽനിന്ന് 10 കോടിയിൽപരം രൂപ തട്ടിയ സംഭവത്തിൽ ഭരണ-പ്രതിപക്ഷ പോരിന് മൂർച്ച കൂടി. ഭരണകക്ഷിയിലെ സി.പി.എം നേതാക്കളുടെ ഒത്താശയിലാണ് ബാങ്കിൽനിന്ന് പണം നഷ്ടമായതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുമ്പോൾ ബാങ്കിലെ ഉന്നതരുമായി ബന്ധമുള്ളത് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾക്കാണെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.
കോർപറേഷനിലെ അഴിമതികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച യു.ഡി.എഫ് കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തിയപ്പോൾ നഷ്ടമായ പണം ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ബാങ്കിന്റെ നഗരത്തിലെ ശാഖകൾ ഉപരോധിച്ചു.
കോർപറേഷന്റെ പണം തട്ടിയത് ഭരണം കൈയാളുന്ന സി.പി.എമ്മിന്റെ ഒത്താശയിലാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും പ്രഖ്യാപിച്ച് ബി.ജെ.പി വ്യാഴാഴ്ച കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും.
എൽ.ഡി.എഫ് പി.എൻ.ബി ശാഖകൾ ഉപരോധിച്ചു
കോഴിക്കോട്: കോർപറേഷന്റെ അക്കൗണ്ടുകളിൽനിന്ന് നഷ്ടമായ കോടിക്കണക്കിന് രൂപ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നാഷനൽ ബാങ്കിന്റെ നഗരത്തിലെ ശാഖകൾ എൽ.ഡി.എഫ് ഉപരോധിച്ചു. തട്ടിപ്പ് നടന്ന റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖ, നടക്കാവ് ശാഖ, മാങ്കാവിലെ സർക്കിൾ ഓഫിസ് എന്നിവയാണ് ഉപരോധിച്ചത്.
മാങ്കാവിൽ ഉപരോധം സി.പി.എം സംസ്ഥാന സമിതി അംഗം എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പണം തട്ടിയ ബാങ്കിലെ ഉന്നതനുമായി കോൺഗ്രസ്, ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടെന്നും അവരുടെ ഒത്താശയിലാണ് പണം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ തട്ടിപ്പ് മൂടിവെക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലർ എൻ.സി. മോയിൻകുട്ടി അധ്യക്ഷതവഹിച്ചു. പി.ടി. ആസാദ്, കെ. ദാമോദരൻ, പി. നിഖിൽ എന്നിവർ സംസാരിച്ചു. കിഴക്കേ നടക്കാവിലെ എരഞ്ഞിപ്പാലം ശാഖക്ക് മുന്നിൽ നടന്ന ഉപരോധ സമരം സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ല കമ്മിറ്റിയംഗം കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. പി. കിഷൻചന്ദ്, ഒ. സദാശിവൻ, കെ. രതീഷ് എന്നിവർ സംസാരിച്ചു.
ലിങ്ക് റോഡ് ശാഖക്കു മുന്നിൽ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി, സി. അബ്‌ദുറഹീം, മണലൊടി അസീസ്, ഷാജി, പി.പി. ഫിറോസ്, കെ.എം. ദിവാകരൻ, എൽ. രമേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.