വിദ്യാർഥിനിയെ ലഹരി കാരിയറാക്കിയ സംഭവം: ചോദ്യംചെയ്യൽ തുടരുന്നു
text_fieldsകോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്ക് മയക്കുമരുന്ന് നൽകി ലഹരി കാരിയറാക്കിയ സംഭവത്തിൽ സംശയിക്കുന്നവരെ മുഴുവൻ പൊലീസ് ചോദ്യം ചെയ്യുന്നു. കുട്ടി നൽകിയ മൊഴിയിൽ സൂചിപ്പിച്ചവരെയാണ് ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിക്കുന്നത്. ആവശ്യപ്പെടുമ്പോൾ വീണ്ടും സ്റ്റേഷനിൽ ഹാജരാകാമെന്ന നിർദേശവും ഇവർക്ക് നൽകുന്നുണ്ട്.
കേസിൽ വിദ്യാർഥിനി പഠിക്കുന്ന സ്കൂളിലെ പൂർവവിദ്യാർഥിയും പെരുവയൽ സ്വദേശിയുമായ സജിത്ത് എന്ന ബോണിയെ (19) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പലരെയും വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നുണ്ട്.
ഇങ്ങനെ ചോദ്യംചെയ്ത പ്രായപൂർത്തിയാവാത്തവരടക്കമുള്ളവർക്ക് ലഹരികടത്തുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. അതേസമയം, വിദ്യാർഥിനി ഉൾപ്പെട്ട ‘റോയൽ ഡ്രഗ്സ്’ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇവരിൽ പലരും പൊലീസ് നിരീക്ഷണത്തിലാണ്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. കേസിൽ 20ലേറെ പേരെയാണ് ഇതിനകം ചോദ്യംചെയ്തത്. എന്നാൽ, കേസുമായി നേരിട്ട് ബന്ധമുള്ളതിന്റെ സൂചനകൾ ലഭിക്കാത്തതിനാലാണ് കൂടുതൽ അറസ്റ്റ് വൈകുന്നതെന്നാണ് വിവരം.
നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശ് പടന്നയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ഏഴാം തരത്തിൽ പഠിക്കുമ്പോൾ ലഹരി ഉപയോഗിക്കുന്നുവെന്നും പിന്നീട് ലഹരി കടത്തുകാരിയാക്കിയെന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തുടർന്നായിരുന്നു മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.