വാഹനാപകടത്തിൽ പരിക്കേറ്റയാളെ ഉപേക്ഷിച്ച് കടന്നയാൾ പിടിയിൽ
text_fieldsകോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി റെയിൽവേ ട്രാക്കിനടുത്ത് ഉപേക്ഷിച്ചയാൾ കസബ പൊലീസ് പിടിയിൽ. കൊല്ലം ആലുംമൂട് ചാരുവിള പുത്തൻവീട് ബിജുകുമാറാണ് (42) പിടിയിലായത്.
ആഗസ്റ്റ് എട്ടിന് മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് എതിർവശം ബിജുകുമാർ ഓടിച്ച ടൂവീലറിടിച്ച് മാളിക്കടവ് സ്വദേശി രവിക്ക് (58) ഗുരുതരമായി പരിക്കേറ്റിരുന്നു. രവിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നാണ് പരാതി.
വാഹനത്തിന്റെ നമ്പർ വഴി പൊലീസ് ഉടമയെ കണ്ടെത്തി. വാഹനം തിരൂരങ്ങാടിയിൽനിന്ന് ആറുവർഷം മുമ്പ് മറ്റൊരാൾ വാങ്ങിയതാണെന്ന വിവരവും കിട്ടി. വാഹനം വാങ്ങിയയാളെക്കുറിച്ച് വിവരം ലഭ്യമല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ കെ.എൽ 65 രജിസ്ട്രേഷൻ നമ്പറിൽ സമാനമായ വെള്ള സ്കൂട്ടർ ഉപയോഗിക്കുന്ന ആളെപ്പറ്റി നിരന്തര അന്വേഷണത്തിനിടയിൽ പ്രതിയെ പിടികൂടുകയായിരുന്നു.
പരിക്കേറ്റയാളെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനുമാണ് കേസ്. കസബ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പി. സജേഷ് കുമാർ, സി.പി.ഒ മുഹമ്മദ് അബ്ദുറഹിമാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.