കരട് മാസ്റ്റർപ്ലാൻ അംഗീകരിച്ചു; ഓരോ വാർഡിലും ഒരു മാതൃകാതെരുവ്
text_fields കോഴിക്കോട്: ജി.ഐ.എസ് അധിഷ്ഠിതമായി തയാറാക്കിയ നഗരത്തിന്റെ മാസ്റ്റർ പ്ലാനിന്റെ കരടിന് കോർപറേഷൻ കൗൺസിൽ അംഗീകാരം. കേന്ദ്രാവിഷ്‍കൃത അമൃത് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കാൻ പുതിയ മാസ്റ്റർപ്ലാൻ വേണമെന്നതിലാണ് 2017ൽ തയാറാക്കിയ മാസ്റ്റർപ്ലാനിൽ മാറ്റങ്ങൾ വരുത്തിയത്.
നിലവിലുള്ള മാസ്റ്റർപ്ലാനിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് കൊണ്ടുവന്നതെന്ന് കരട് അവതരിപ്പിച്ച ഡെപ്യൂട്ടി ടൗൺ പ്ലാനർ പി. ഗിരീഷ് കുമാർ പറഞ്ഞു. കരട് സർക്കാർ അനുമതിയോടെ പ്രസിദ്ധീകരിച്ചശേഷം പൊതുജനാഭിപ്രായത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷമാവും അന്തിമ അംഗീകാരമാവുക. അതുരെ 2017ലെ മാസ്റ്റർപ്ലാൻ അനുസരിച്ചാവും നടപടികൾ.
അമൃത് പദ്ധതിയുടെ നാലാം ഘട്ടം ഫണ്ട് സർക്കാർ അനുവദിക്കണമെങ്കിൽ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർപ്ലാൻ തയാറാക്കണമെന്നാണ് നിബന്ധന. റഹ്മാൻ ബസാറിലും പാറോപ്പടിയിലും ടൂറിസം വില്ലേജ് പണിയാൻ മാസ്റ്റർപ്ലാൻ നിർദേശം.
ഫറോക്കിൽനിന്ന് ബേപ്പൂർ പോർട്ടിലേക്ക് പുഴയോരത്തുകൂടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ റെയിൽ ലൈൻ, ബേപ്പൂർ വട്ടക്കിണർ റോഡ് 24 മീറ്റർ ആയി വീതികൂട്ടൽ, ബീച്ചിലെ തീര റോഡ് 24 മീറ്റർ വീതിയിലാക്കൽ തുടങ്ങിയ നിർദേശമുണ്ട്. നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി ബീച്ച് റോഡിൽനിന്ന് റെയിൽവേസ്റ്റേഷൻ വഴി കല്ലുത്താൻകടവിൽ ബൈപാസിലേക്ക് രണ്ടുവരിപ്പാത പ്ലാനിലുണ്ട്.
മലാപ്പറമ്പ് മൊബിലിറ്റി ഹബ്ബടക്കം പഴയ മാസ്റ്റർ പ്ലാനിലെ നിർദേശങ്ങളിൽ മാറ്റമില്ല. പാളയത്തെ വികസനമില്ലാത്ത ഭാഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും കല്ലായി പുഴയോരത്ത് നടപ്പാതയും സൈക്കിൾ പാതയുമടക്കമുള്ളവ പണിയാനും നിർദേശമുണ്ട്.
ബീച്ച് റോഡിൽ സ്പൈസസ് മ്യൂസിയം, എരഞ്ഞിക്കൽ ടൂറിസം പദ്ധതി, കുറ്റിച്ചിറ വികസനം എന്നിവയും പ്ലാനിലുണ്ട്. എല്ലാ വാർഡിലും ഓരോ റോഡ് വീതം മാതൃകാ തെരുവാക്കിമാറ്റും. ഇതുപ്രകാരം 75 വാർഡിൽ 50 റോഡുകൾ മാതൃകാ റോഡാക്കാനാണ് തീരുമാനം.
ഇത്തരം തെരുവുകളിൽ ചിലത് ഒന്നിലധികം വാർഡുകൾ വഴി കടന്നുപോവുന്നുണ്ട്. നഗരസഭയിൽ തൊഴിൽസഭകൾ വിളിച്ചുചേർക്കാനും അതിനായി സംഘാടകസമിതി രൂപവത്കരിക്കാനും കൗൺസിൽ തീരുമാനിച്ചു.
വിരമിക്കുന്ന ഡെപ്യൂട്ടി സെക്രട്ടറി വി. രേണുകക്ക് മേയർ ഡോ. ബീന ഫിലിപ് ഉപഹാരം നൽകി. മേയർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ കൃഷ്ണകുമാരി, കെ. മൊയ്തീൻകോയ, കെ.സി. ശോഭിത, ടി. റനീഷ്, എൻ.സി. മോയിൻകുട്ടി, എസ്.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.