ഇൻസിനറേറ്റർ പണിമുടക്കിയിട്ട് ഒരു മാസം; മാലിന്യ സംഭരണ കേന്ദ്രമായി മെഡിക്കൽ കോളജ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണത്തിനുള്ള സീറോ വെയ്സ്റ്റ് പദ്ധതി 'സീറോയാവുന്നു'. ഇൻസിനറേറ്റർ പണിമുടക്കിയിട്ട് ഒരുമാസം പിന്നിട്ടതോടെ മെഡിക്കൽ കോളജിലെ മാലിന്യം സംസ്കരണം നിലച്ചു. ഐ.ഡി പാൻ കേടായതോടെയാണ് ഇൻസിനറേറ്റർ പ്രവത്തനം നിലച്ചത്. കാമ്പസിലെ ഒരു ഇൻസിനേററ്റർ എട്ടുമാസം മുമ്പ് പണി മുടക്കിയിരുന്നു. നിലവിലുള്ള ഇൻസിനറേറ്ററിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ മെഡിക്കൽ കോളജ് കാമ്പസിലെ മാലിന്യസംസ്കരണം പൂർണമായും മുടങ്ങി. ഇന്‍സിനറേറ്ററിനു മുന്നില്‍ മാലിന്യചാക്കുകള്‍ കുന്നുകൂടുകയാണ്.
മാത്രമല്ല ഇത് അഴുകി പുറത്തേക്ക് ഒലിച്ച് ദുർഗന്ധം വമിക്കുകയും പരിസരം കൊതുകു വർളർത്തുകേന്ദ്രമാകുകയും ചെയ്തു. ഇതോടെ ദിനംപ്രതി ആയിരക്കണക്കിന് പേർ എത്തുന്ന മെഡിക്കൽ കോളജ് പകർച്ചവ്യാധി ഭീഷണിയിലാണ്. മാത്രമല്ല വിദ്യാർഥികളുടെ ഹോസ്റ്റലിനും ജീവനക്കാരുടെ താമസ്ഥലത്തിനും സമീപമാണ് മാലിന്യം കുമിഞ്ഞു കൂടുന്നത്. ഇതും ആശങ്ക വർധിപ്പിക്കുന്നു.
അറ്റകുറ്റപ്പണിക്ക് കരാറായില്ല
വാർഷിക അറ്റകുറ്റപ്പണിക്ക് തിരുവനന്തപുരത്തുള്ള പരിശുദ്ധ് കമ്പനിയുമായുള്ള കരാർ അവസാനിച്ചതിനാൽ ഇൻസിനേറ്റർ അറ്റകുറ്റപ്പണി അനന്തമായി നീളുകയാണ്. കരാർ പുതുക്കാൻ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്ന് മാലിന്യസംസ്കരണം പുനരാരംഭിക്കാൻ കഴിയുമെന്ന് പറയാൻ മെഡിക്കൽ കോളജ് അധികൃതർക്കു കഴിയുന്നില്ല. ഇൻസിനറേറ്റർ നിർമിച്ച പരിശുദ്ധ് തന്നെയായിരുന്നു ഇതുവരെ അറ്റകുറ്റപ്പണിയും നടത്തിയിരുന്നത്.
ദിനംപ്രതി 5000 കിലോ മാലിന്യം
മണിക്കൂറിൽ 150 കിലോ മാലിന്യം എന്ന നിരക്കിൽ ദിനംപ്രതി രണ്ടായിരത്തിൽ താഴെ മാലിന്യമാണ് ഇവിടെ സംസ്കരിച്ചിരുന്നത്. അതേസമയം 5000ൽ അധികം കിലോ മാലിന്യം ഒരു ദിവസം മെഡിക്കൽ കോളജിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംസ്കരിക്കാനെത്തുന്നുണ്ട്. ഇതു മുഴുവന്‍ സംസ്കരിക്കാൻ മാർഗമില്ലാതെ കുന്നുകൂടൂമ്പോഴാണ് ആകെയുണ്ടായിരുന്നു ഇന്‍സിനറേറ്റർ പണിമടുക്കിയത്.
പരിശോധന നടത്തി കരാർ പുതിക്കി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാക്കുന്നതിന് പരിശുദ്ധ് കമ്പനി അധികൃതർ വ്യാഴാഴ്ച സ്ഥലം പരിശോധന നടത്തിയിരുന്നു. കമ്പനി അധികൃതരുമായി ചർച്ച നടത്തി ഉടൻ ധാരണയിലെത്തുമെന്നും രണ്ടോ മൂന്നോ അഴ്ചക്കകം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കൽ കോളജ് സീറോ വെയിസ്റ്റ് മെഡിക്കൽ കോഓഡിനേറ്റർ സത്യൻ മായനാട് അറിയിച്ചു. കരാർ തീരുന്നതിനു മുമ്പുതന്നെ ധാരണക്ക് ശ്രമിച്ചിരുന്നെന്നും എന്നാൽ കമ്പനി മുന്നോട്ട് വെച്ച തുക മെഡിക്കൽ കോളജിന് സ്വീകാര്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാലിന്യം ചാക്കിൽ തന്നെ
കോവിഡ് കാലത്ത് മെഡിക്കൽ കോളജിന് സമീപത്ത് തുടങ്ങിയിരുന്ന എഫ്.എൽ.ടി.സികളിൽനിന്ന് ശേഖരിച്ച മാലിന്യം സംസ്കരിക്കാതെ ഇപ്പോഴും ഇൻസിനറേറ്റിന് സമീപം കെട്ടിക്കിടക്കുകയാണ്. മെഡിക്കൽ കോളജിന്റെ ആവശ്യത്തിന് അനുസരിച്ച് സംസ്കരണ യൂനിറ്റ് തുടങ്ങാത്തതും ഉള്ളവ കൃത്യമായി പരിപാലിക്കാത്തതുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. മെഡിക്കൽ കോളജിലെ മാലിന്യങ്ങൾ പുറത്തുകൊണ്ടുപോയി സംസ്കരിക്കുന്നത് പ്രാവർത്തികമല്ലെന്നും അധികൃതർ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.