മെഡി.കോളജിൽ ഹെമറ്റോളജി സെന്റർ വേണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക രക്തരോഗ ചികിത്സാകേന്ദ്രം (ഹെമറ്റോളജി സെന്റർ) ഇല്ലാത്തത് രക്തജന്യ രോഗികൾക്ക് പ്രയാസമാവുന്നു. ഹീമോഫീലിയ രോഗികളുടെ തുടർച്ചയായുള്ള മരണങ്ങളാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനകം രണ്ട് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്വദേശി അഹമദ് കോക്കഞ്ചേരിയുടെ മകൻ അബ്ദുസ്സമദ് (27), കൊണ്ടോട്ടിയിലെ ഉനൈസ് (24) എന്നിവരാണ് അടുത്ത ദിവസങ്ങളിലായി മരിച്ചത്. കടുത്ത പുറംവേദനയെ തുടർന്നാണ് അബ്ദുസ്സമദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്.
എന്നാൽ, കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽനിന്ന് മടക്കിയെന്നാണ് പറയുന്നത്. വേദന മാറാത്തതുകൊണ്ട് വീണ്ടും മെഡിക്കൽ കോളജിലേക്ക് വരുന്ന വഴി കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും തുടർന്ന് അവിടെ വെച്ച് മരിക്കുകയും ചെയ്തു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നായിരുന്നു ഉനൈസിന്റെ മരണം. കുറച്ച് ദിവസങ്ങളിലായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തത് കൊണ്ടാണ് രക്തജന്യ രോഗികൾ തുടരത്തുടരെ മരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
ദിവസങ്ങൾ മുമ്പ് പുതുപ്പണം സ്വദേശി ഷറഫുദ്ദീൻ എന്ന ഹീമോഫീലിയ രോഗി മരിച്ചത് വിദഗ്ധ ചികിത്സയുടെ അഭാവത്താലാണെന്ന പരാതിയുണ്ട്. ഒരു വർഷത്തിനിടെ പത്തോളം തലാസീമിയ രോഗികളും അത്രതന്നെ അരിവാൾ രോഗികളും ഈ വിധം മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കേരളത്തിൽ രക്തജന്യ രോഗികൾ ഏറെയുള്ള മലബാറിൽ വിദഗ്ധ ചികിത്സയുള്ള ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കണമെന്ന ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ 25 വർഷമായുള്ള ആവശ്യം ഇതേവരെ നടപ്പായിട്ടില്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി കരീം കാരശ്ശേരി പറയുന്നത്. ഹീമോഫീലിയ രോഗികളുടെ മരണങ്ങളെപ്പറ്റി അന്വേഷിച്ച് വിദഗ്ധ ചികിത്സ നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും കേരള ബ്ലഡ്പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റേയും ആവശ്യം.
ഹീമോഫീലിയ
ശരീരത്തിൽ രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന ചില മാംസ്യങ്ങളുണ്ട്. ഫാക്ടർ എട്ട്, ഫാക്ടർ ഒമ്പത് എന്നിവയുടെ കുറവുമൂലം ഉണ്ടാവുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഇതിന്റെ അഭാവം മൂലം എ, ബി എന്നിങ്ങനെ രണ്ട് തരം ഹീമോഫീലിയകൾ ഉണ്ട്. ആൺകുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.