പാർട്ടി പാനലും പാർട്ടി വിട്ടവരുടെ പാനലും നേർക്കുനേർ; മാവൂർ ക്ഷീരസംഘം സി.പി.എം നിലനിർത്തി
text_fieldsമാവൂർ: 42 വർഷത്തിനുശേഷം ഇതാദ്യമായി നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മാവൂർ ക്ഷീരോൽപാദക സഹകരണ സംഘം സി.പി.എം നിലനിർത്തി. ഒമ്പതംഗ ഭരണസമിതിയിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടിയാണ് സി.പി.എം ശക്തിതെളിയിച്ചത്. സി.പി.എം പാനലിലെ മനോഹരൻ പെരിക്കാക്കോട്ട്, രാജഗോപാലൻ മയ്യേരിമ്മൽ, എൻ. ശ്രീധരൻ, എം. ശ്രീധരൻ, സുരേന്ദ്രൻ കളരിക്കൽ, എ. പ്രേമ, പി.എം. സതി, സ്തിത വട്ടക്കണ്ടത്തിൽ, പി.കെ. വേലായുധൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പി. മനോഹരൻ പ്രസിഡന്റും എം.പി. സതി വൈസ് പ്രസിഡന്റുമായി. ഈയടുത്ത് സി.പി.എം വിട്ട മുൻ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണൻ നായരും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 10ാം വാർഡിൽ സി.പി.എം സ്ഥാനാർഥിയായിരുന്ന കുന്നത്ത് വേലായുധനും എതിർപാനലുമായി രംഗത്തിറങ്ങിയതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സംഘത്തിന്റെ നിലവിലെ ഭാരവാഹികളായിരുന്നു ഇരുവരും. സി.പി.എം വിട്ട ബാലകൃഷ്ണൻ നായർ ഈയടുത്ത് രൂപവത്കരിച്ച കേരള പ്രവാസി അസോസിയേഷനിൽ അംഗത്വമെടുത്തിരുന്നു. ക്ഷീര കർഷകകൂട്ടായ്മ എന്ന പേരിൽ മത്സരിച്ച പാനലിൽ ശേഷിക്കുന്നവർ മുസ്ലിം ലീഗ്, കോൺഗ്രസ്-ഐ, ബി.ജെ.പി, ആർ.എം.പി പ്രവർത്തകരാണ്. 1974ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ക്ഷീര സഹകരണ സംഘം, 1978ൽ വി. ബാലകൃഷ്ണൻ നായർ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നപ്പോഴാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.പി.എം പിടിച്ചെടുക്കുന്നത്. ഇതിനുശേഷം തുടർച്ചയായി സി.പി.എമ്മാണ് ഭരിക്കുന്നത്.
സി.പി.എം പാനലും പാർട്ടി വിട്ടവരുടെ പാനലും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വാർത്ത പ്രാധാന്യം നേടിയിരുന്നു. വൻ പൊലീസ് കാവലിൽ നടന്ന തെരഞ്ഞെടുപ്പിൽ പലപ്പോഴും സംഘർഷാവസ്ഥയുണ്ടായി. ഫലപ്രഖ്യാപനത്തിനുശേഷം സി.പി.എം പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് സ്ഥാനാർഥി കെ. കൃഷ്ണൻ മാവൂർ പൊലീസിൽ പരാതി നൽകി.
വ്യാപക ക്രമക്കേടെന്ന് ക്ഷീരകർഷക കൂട്ടായ്മ
ക്ഷീരോൽപാദക സഹകരണ സംഘം സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ക്ഷീര കർഷകകൂട്ടായ്മ പാനലിലെ സ്ഥാനാർഥികൾ ആരോപിച്ചു. വോട്ടർപട്ടികയിൽ പേരില്ലാത്ത 19 പേരെ കൊണ്ടുവന്ന് സി.പി.എം വോട്ട് ചെയ്യിച്ചു.
ഇതിനെതിരെ സ്ഥാനാർഥികൾ പ്രിസൈഡിങ് ഓഫിസർക്ക് നൽകിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. ഫലപ്രഖ്യാപനത്തിനുശേഷം കർഷക കൂട്ടായ്മയിലെ പട്ടികജാതി സംവരണ സ്ഥാനാർഥി കെ. കൃഷ്ണനെ സി.പി.എം പ്രവർത്തകർ മർദിച്ചതായും സ്ഥാനാർഥികൾ ആരോപിച്ചു. ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മാവൂരിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.