പള്ളിയിലെത്തിയ ആളുടെ ബാഗ് കവർന്നയാൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാൻ കയറിയ യുവാവിന്റെ ലാപ്ടോപ് അടങ്ങിയ ബാഗ് കവർന്നയാൾ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ജാവേദ്ഖാനെയാണ് (20) സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.
കിനാലൂർ സ്വദേശിയുടെ ടാബും ലാപ്ടോപ്പും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗാണ് കവർന്നത്. സ്പെഷൽ ആക്ഷൻ ഗ്രൂപ് കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ടാബ് പ്രതി 12,000 രൂപക്ക് വിൽപന നടത്തിയ ശേഷം മൊബൈൽ ഫോണും വാച്ചും കൂളിങ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു. ലാപ്ടോപ് വിൽപന നടത്താൻ സാധിക്കാത്തതിനാൽ പ്രതി താമസിക്കുന്ന ചേവായൂർ ത്വഗ് രോഗാശുപത്രിക്ക് സമീപത്തുള്ള ഉദയം ഹോമിന്റെ കോമ്പൗണ്ടിൽ കുറ്റിക്കാട്ടിലൊളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. ആഡംബരത്തിൽ ജീവിക്കണമെന്ന ആഗ്രഹത്തിൽനിന്നാണ് കവർച്ചയിലേക്ക് തിരിയുന്നത്. നേരത്തെയും നിരവധി കളവുകൾ ചെയ്തിട്ടുണ്ടങ്കിലും ആളുകൾ പിടികൂടുകയും എല്ലാം ഒത്തുതീർപ്പാക്കുകയുമായിരുന്നു.
പ്രതിക്കെതിരെ പോക്സോ കേസും നിലവിലുണ്ട്. സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, രാകേഷ് ചൈതന്യം, എ.കെ. അർജുൻ, മെഡിക്കൽ കോളജ് ഇൻസ്‍പെക്ടർ ബെന്നി ബാലു, സബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ശ്രീജയൻ, സി.പി.ഒ ഫൈസൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.