വൈകീട്ടുവരെ ക്ഷമിക്കൂ; രാത്രിയിൽ വെള്ളം തരാം...
text_fieldsകോഴിക്കോട്: രണ്ടു ദിവസം വെള്ളം കിട്ടാതെ പെറുതിമുട്ടിയിട്ടും ക്ഷമകാട്ടിയവർക്കുള്ള പ്രത്യുപകാരമെന്നോണം നിശ്ചയിച്ചതിനു മുമ്പേ പ്രവൃത്തി പൂർത്തിയാക്കി വെള്ളമെത്തിക്കാനുള്ള ശ്രമത്തിൽ ജല അതോറിറ്റി. ദേശീയപാത-66 വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ മാറ്റിസ്ഥാപിച്ച പൈപ്പിലൂടെ ജലവിതരണം നടത്താനാകുമെന്ന് സൂപ്രണ്ടിങ് ജല അതോറിറ്റി എൻജിനീയർ പി.സി. ബിജു പറഞ്ഞു.
വേങ്ങേരി ജങ്ഷനിലെ പൈപ്പിന്റെ രണ്ടു ജോയന്റുകളുടെയും വെൽഡിങ് ഉൾപ്പെടെയുള്ള പ്രവൃത്തി ബുധനാഴ്ച രാത്രിയോടെ പൂർത്തിയായി. വേദവ്യാസ സ്കൂളിനു സമീപത്തെ ജോയന്റിന്റെ വെൽഡിങ് പ്രവൃത്തി വ്യാഴാഴ്ച രാവിലെ പൂർത്തിയാകും. ചില ഭാഗങ്ങളിലുള്ള കോൺക്രീറ്റ് പ്രവൃത്തിയും മണ്ണിടലിനുംശേഷം വൈകീട്ടോടെ പൈപ്പ് ലൈൻ റീ ചാർജ് ചെയ്യും. പെരുവണ്ണാമൂഴിയിലെ ഷട്ടർ തുറന്നാലും നാലഞ്ചു മണിക്കൂർ സമയമെടുക്കും നഗരത്തിൽ വെള്ളമെത്താൻ.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയാലും എ.ആർ. ക്യാമ്പ് പോലുള്ള ഉയർന്ന ഭാഗങ്ങളിൽ വെള്ളമെത്താൻ വീണ്ടും രണ്ടുമൂന്നു മണിക്കൂർ എടുക്കും. നാലു ദിവസംകൊണ്ട് പൂർത്തീകരിക്കാൻ തീരുമാനിച്ച പ്രവൃത്തി മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞത് രാത്രിയും പകലും വ്യത്യാസമില്ലാതെ ജലവകുപ്പിന്റെ എൻജിനീയമാരുടെയും ജീവനക്കാരുടെയും ദേശീയപാത പ്രവൃത്തി ഏറ്റെടുത്ത കെ.എം.സി കമ്പനി ജീവനക്കാരുടെയും പ്രയത്നത്തിന്റെ ഫലമാണ്.
ഒരേസമയം നാലിടത്ത് നടക്കുന്ന കൂട്ടിയോജിപ്പിക്കൽ പ്രവൃത്തിക്ക് 12 എൻജിനീയർമാരാണ് നേതൃത്വം നൽകുന്നത്. കോഴിക്കോട് സർക്കിളിന് കീഴിലുള്ള ഭൂരിഭാഗം എൻജിനീയർമാർക്കും വിവിധ ചുമതലകൾ നൽകിയാണ് ജല അതോറിറ്റി പ്രവർത്തിച്ചത്. ജലവിതരണം മുടങ്ങിയ ആദ്യ ദിവസം ജനങ്ങളെ ഏറെ ബാധിച്ചില്ലെങ്കിലും കൂടുതൽ പേരുള്ള കലക്ടറേറ്റ് പോലുള്ള സർക്കാർ ഓഫിസുകളെയും ആശുപത്രികളെയും തുടർദിവസങ്ങളിലെ ജലമുടക്കം ബാധിച്ചു.
അമിത ചാർജ് ഈടാക്കിയെങ്കിലും സ്വകാര്യ ജലവിതരണ ഏജൻസികൾ പകലും രാത്രിയും ഭേദമില്ലാതെ സർവിസ് നടത്തിയത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി. നവംബർ അഞ്ചു മുതൽ എട്ടുവരെയാണ് ജലവിതരണം മുടങ്ങുകയെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നത്. കോഴിക്കോട് കോർപറേഷനിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലുമാണ് പ്രവൃത്തിമൂലം ജലവിതരണം മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.