സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി
text_fieldsകോഴിക്കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനു ഏര്‍പ്പെടുത്തിയ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കുകളിലും മറ്റും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിവരുകയാണ്. വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീലതയെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം കടുപ്പിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാർ കർശന നടപടിയുമായി മുന്നോട്ടുനീങ്ങുന്നത്.
ഡിസംബര്‍ 28നാണ് സ്വകാര്യ പ്രാക്ടീസ് നിയന്ത്രണം കടുപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ അടക്കം സേവനം നടത്തുന്നുണ്ടെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പരിശോധന ഊർജിതമാക്കിയത്. സർക്കാർ ആശുപത്രികളിലെ സേവനത്തിനുശേഷം വൈകുന്നേരങ്ങളിലും രാത്രിയിലും ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ അടക്കം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.
മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്താമെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സാധ്യതയുള്ള രോഗികളെ ചികിത്സിക്കരുതെന്നാണ് പുതുതായി ഇറക്കിയ ഉത്തരവിലെ നിര്‍ദേശം. എന്നാൽ, നിലവിൽ ഗൈനക്കോളജിസ്റ്റുകൾ അടക്കം വീട്ടിൽ സ്കാനിങ് വരെ സജ്ജീകരിച്ചാണ് പ്രാക്ടീസ് നടത്തുന്നത്. ഇത്തരക്കാർ പിന്നീട് റഫറൽ സംവിധാനം വഴി പ്രസവത്തിന് മെഡിക്കൽ കോളജിൽ അഡ്മിറ്റാവുകയാണ് പതിവ്. ചില ഡോക്ടർമാർ പങ്കാളികളുടെ പേരിൽ ലാബ് സൗകര്യങ്ങളോടെയുള്ള ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കുന്നതായും ഇന്റലിജൻസിനു വിവരം ലഭിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സാധ്യതയുള്ള രോഗികളാണ് സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ ഡോക്ടറെ കാണാന്‍ എത്തുന്നവരില്‍ കൂടുതലും. ആശുപത്രികളില്‍ അഡ്മിറ്റാകുമ്പോള്‍ മികച്ച ചികിത്സയും പരിഗണയും ലഭിക്കാനാണ് ഇവർ ഇത്തരത്തിൽ ക്ലിനിക്കുകളിൽ ചികിത്സ തേടുന്നത്. ശസ്ത്രക്രിയക്കും മറ്റും ഇത്തരത്തിൽ എത്തുന്നവർക്ക് ഡോക്ടർമാർ മുൻഗണന നൽകുന്നതായും പരാതിയുണ്ട്. മാത്രമല്ല, സ്വകാര്യ പ്രാക്ടീസിന് സമയം കണക്കാക്കി ഡോക്ടർമാർ ആശുപത്രികളിൽനിന്ന് നേരത്തെ മടങ്ങുന്നതുകാരണം സർക്കാർ ആശുപത്രികളിൽ ഇവരുടെ സേവനം ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.