പരിഷ്കാരം ജനങ്ങളെ വലച്ചില്ല; മലാപ്പറമ്പ് ജങ്ഷനിൽ ‘നോ പ്രോബ്ലം’
text_fieldsകോഴിക്കോട്: ദേശീയപാത നിർമാണത്തിന് മലാപ്പറമ്പ് ജങ്ഷനിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽവന്നു. ചൊവ്വാഴ്ച രാവിലെ മുതലാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയത്. രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിന് ‘വെഹിക്കിൾ ഓവർ പാസ്’ നിർമിക്കുന്നതിനാണ് വാഹനനിയന്ത്രണം. ട്രാഫിക് സിഗ്നലിനുപകരം വാഹനങ്ങൾ ജങ്ഷനിലെ റൗണ്ട്എബൗട്ട് വലംവെച്ചാണ് കടന്നുപോകുന്നത്. 42 മീറ്റർ ചുറ്റളവിൽ റൗണ്ട് നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും ട്രാഫിക് അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ട്രയൽ റൺ പരിശോധന നടത്തി. ശനിയാഴ്ചയോടെ കിടങ്ങുകുഴിക്കൽ പ്രവൃത്തി ആരംഭിക്കും. വൻ ഗതാഗതക്കുരുക്കായിരുന്നു പ്രതീക്ഷിച്ചതെങ്കിലും എല്ലാം നിയന്ത്രണവിധേയമാണെന്നാണ് പൊലീസും ദേശീയപാത അധികൃതരും പറയുന്നത്. അവധിദിവസങ്ങളിലും ചില പ്രത്യേക ദിവസങ്ങളിലും തിരക്കു കൂടിയാലും സംവിധാനമൊരുക്കുമെന്നാണ് പൊലീസ് പറയുന്നത്. ഗതാഗതക്കുരുക്ക് നേരിടാൻ ഇരുപതോളം പൊലീസുകാർ ചൊവ്വാഴ്ച രാവിലെയോടെ എത്തിയിരുന്നു. 45 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണ് കുഴിയെടുക്കുക. എട്ടര മീറ്റർ താഴ്ചയിലാണ് കിടങ്ങു നിർമാണം.
വയനാട്-കോഴിക്കോട് പാതയിൽ 40 മീറ്റർ വീതിയിലാണ് മേൽപാലം നിർമിക്കുക. ഭാവിയിലുള്ള റോഡ് വികസനം ലക്ഷ്യമിട്ടുകൂടിയാണ് നിർമാണം. രാമനാട്ടുകര-വെങ്ങളം പാതയിൽ 27 മീറ്റർ വീതിയിൽ 13.5 മീറ്റർ വീതമുള്ള രണ്ടുവരിയാണുണ്ടാവുക. ഏപ്രിൽ മാസത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് നീക്കമെന്ന് അധികൃതർ പറഞ്ഞു.
സിവിൽ സ്റ്റേഷൻ, രാമനാട്ടുകര, വെള്ളിമാട്കുന്ന്, വെങ്ങളം ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ റൗണ്ട് എബൗട്ടിനെ വലംവെച്ചാണ് കടന്നുപോവേണ്ടത്. ചുറ്റുമുള്ള റോഡിന് അഞ്ചു മീറ്റർ വീതിയാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. സർവിസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാകുന്നതോടെ കൂടുതൽ സൗകര്യം ലഭിക്കും. കോൺക്രീറ്റ് ബാരിക്കേഡുകളും ചുവപ്പ് ഫൈബർ ബാരിയറുകളും െവച്ചാണ് റൗണ്ട് എബൗട്ട് ഒരുക്കിയിരിക്കുന്നത്. ഗതാഗതതടസ്സം രൂക്ഷമാകുന്നവേളകളിൽ ഫൈബർ ബാരിയറുകൾ മാറ്റി വാഹനങ്ങൾ കടത്തിവിടും.
ചരക്കുവാഹനങ്ങൾക്ക് ഗതാഗത ക്രമീകരണം
കോഴിക്കോട്: വയനാട് ഭാഗത്തുനിന്ന് വരുന്ന ചരക്കു വാഹനങ്ങൾ വെള്ളിമാട്കുന്ന് പൂളക്കടവ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇരിങ്ങാടൻ പള്ളി, ചേവരമ്പലം വഴി ബൈപാസിൽ കയറി തൊണ്ടയാട് വഴിയോ മലാപ്പറമ്പ് വഴിയോ നഗരത്തിലേക്ക് പോകാം.
നഗരത്തിൽനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ എരഞ്ഞിപ്പാലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിക്കാംകുളം റോഡിൽ കയറി വേദവ്യാസ സ്കൂളിൽ സമീപത്തെ അടിപ്പാത വഴി മലാപ്പറമ്പിൽ എത്തി വയനാട് റോഡിൽ കയറണം. കണ്ണൂർ ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജങ്ഷനിൽനിന്ന് ബീച്ച് റോഡിൽ കയറി മുഖദാർ, പുഷ്പ ജങ്ഷൻ വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകണം. കൊച്ചി, പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ തൊണ്ടയാടുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് കോഴിക്കോട് ഭാഗത്തെത്തി കണ്ണൂർ ഭാഗത്തേക്ക് പോകണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.