മെഡിക്കല്‍ കോളജില്‍ നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയും ആകാശപാതയും തുറന്നു
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. പുതിയ ഒ.പിയുടെ വരവോടെ കൂടുതല്‍ ആളുകള്‍ക്ക് സ്പെഷാലിറ്റി ചികിത്സ ലഭ്യമാകും. നിപയും കോവിഡും ഫലപ്രദമായി നേരിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന് പുതിയ ഒ.പി. കൂടുതല്‍ കരുത്താകുമെന്നും മന്ത്രി പറഞ്ഞു. 43.45 ലക്ഷം രൂപയാണ് നവീകരണച്ചെലവ്.
കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന ഡോ. എ.ആര്. മേനോന്റെ പ്രതിമ അനാച്ഛാദനവും മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മിച്ചത്. മെഡിക്കല്‍ കോളജിലെ ആകാശപാത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി. ആശുപത്രിയിലെ മറ്റു ബ്ലോക്കുകളിലേക്ക് മഴയും വെയിലുമേറ്റ് പോയിരുന്ന ആളുകള്‍ക്ക് പുതിയ പാത ഏറെ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. 172 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ രോഗികള്‍ക്ക് ബാറ്ററി കാര്‍ സേവനമേര്‍പ്പെടുത്തും.
കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയത്. ഡോ. ജയറാം പണിക്കര്‍ ഹാളില്‍നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എം.പി, കോര്പറേഷന് മേയര്‍ ബീന ഫിലിപ് എന്നിവര്‍ മുഖ്യാതിഥികളായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ ടി.പി. രാമകൃഷ്ണന് ഉപഹാരം സമര്‍പ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോര്പറേഷന് കൗണ്‍സിലര്‍ കെ. മോഹനന്, അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, ഭാരത് പെട്രോളിയം കോര്പറേഷന് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, കോഴിക്കോട് എൻ.ഐ.ടി സിവില്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവി സന്തോഷ് ജി. തമ്പി, മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഡോ. ടി.പി. രാജഗോപാല്‍, എ. നവീന്‍, ഡോ. സി. ശ്രീകുമാര്‍, ഡോ. കെ.പി. സൂരജ്, ഡോ. പി. വിജയന് എന്നിവര്‍ സംസാരിച്ചു. തോട്ടത്തില്‍ രവീന്ദ്രന് എം.എൽ.എ സ്വാഗതവും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.