എ.കെ.ജി മേൽപാലം നവീകരണം ഈ മാസം തുടങ്ങും
text_fieldsകോഴിക്കോട്: ബലക്ഷയം കാരണം അപകടാവസ്ഥയിലായ ഫ്രാൻസിസ് റോഡ് എ.കെ.ജി മേൽപാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇതിന്റെ മുന്നോടിയായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും പാലത്തിൽ പരിശോധന നടത്തി. കാലപ്പഴക്കം കാരണം പാലത്തിനുണ്ടായ കേടുപാടുകള്‍ സംഘം നേരില്‍കണ്ടു.
മദ്രാസ് ഐ.ഐ.ടിയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ പാലത്തിന് അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1986ല്‍ നിര്‍മിച്ച പാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ മൂന്നര കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുക.
സൂപ്രണ്ടിങ് എൻജിനീയർ പി.കെ. രമ, എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്. അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ എൻ.വി. ഷിനി, കെ.എസ്. അരുൺ, ഓവർസിയർ പ്രീതിൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗതാഗത നിയന്ത്രണമുണ്ടാവും -മന്ത്രി
ജില്ല കലക്ടര്‍10 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പാലം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രവൃത്തി നടക്കുന്ന വേളയില്‍ ഗതാഗത നിയന്ത്രണം ആവശ്യമായി വരുമെന്നും അക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള പാലം എന്ന നിലയിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബീച്ച് റോഡിലേക്കുള്ള വഴിയെന്ന നിലയിലുമുള്ള എ.കെ.ജി പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അടിയന്തരമായി പാലം നവീകരിക്കുന്നത്.
ധാരാളമായി ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പാലവുമാണിത്. ആറു മാസം കൊണ്ട് നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും അതിനേക്കാള്‍ മുമ്പ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കല്ലുത്താൻ കടവ്, മാങ്കാവ് പാലങ്ങൾക്ക് തുക അനുവദിച്ചു
4.47 കോടി രൂപ ചെലവില്‍ സി.എച്ച് മേല്‍പാലം നവീകരിച്ചതിനു പുറമെ, കല്ലുത്താൻകടവ് പാലം നന്നാക്കാൻ 1.18 കോടി രൂപയും മാങ്കാവ് പാലത്തിന് 1.49 കോടി രൂപയും അനുവദിച്ചതായി മന്ത്രി റിയാസ് അറിയിച്ചു.
യുനെസ്കോയുടെ സാഹിത്യ നഗരപദവികൂടി ലഭിച്ച കോഴിക്കോട് നഗരത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. കോഴിക്കോട് കേന്ദ്രമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട് കൂടി യാഥാര്‍ഥ്യമാവുന്നതോടെ വലിയ വിനോദ സഞ്ചാര നഗരമായി കോഴിക്കോട് മാറും. പാലങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം അവയുടെ സൗന്ദര്യവത്കരണം കൂടി ലക്ഷ്യമിട്ടുള്ള നവീകരണ പ്രവൃത്തികളാണ് വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.