റോഡ് പൊളിഞ്ഞു; ബീച്ച് ആശുപത്രിയിലെത്താൻ നടുവൊടിയും
text_fieldsകോഴിക്കോട്: ജില്ല ജനറൽ ആശുപത്രി (ബീച്ച്) വളപ്പിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് രോഗികൾക്ക് ദുരിതമാവുന്നു. ചികിത്സതേടി ആശുപത്രിയിൽ എത്തുമ്പോൾ വാഹനം റോഡിലെ കുഴികളിൽ വീണ് കുലുങ്ങി ആളുകളുടെ നടുവൊടിയുന്ന അവസ്ഥയാണ്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് ചളിക്കുളമായതോടെ രോഗികളുടെ ദുരിതം ഇരട്ടിയായി. റോഡ് ടാർ ഇളകി കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ റോഡ് ഉണ്ടോയെന്നറിയാൻ പറ്റാത്ത വിധം തകർന്നിരിക്കുകയാണ്.
ആശുപത്രി മോർച്ചറി, ലാബ്, പുതിയ ഒ.പി.ഡി ബ്ലോക്ക്, ഇ.എൻ.ടി ഒ.പി, നേത്ര വിഭാഗം, കാർഡിയോളജി ഒ.പി, ആശുപത്രി ഓഫിസ് എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ ചളിക്കുളം നീന്തിക്കടക്കേണ്ട അവസ്ഥയാണ്. ദിനംപ്രതി ഒ.പിയിൽ മാത്രം 2000ൽ അധികം രോഗികൾ എത്തുന്ന ആശുപത്രി വളപ്പിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായി വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല.
തീരദേശത്തെയും കോർപറേഷൻ പരിധിയിലെയും നിർധനരും സാധാരണക്കാരുമായ ജനങ്ങളുടെ പ്രധാന ആശ്രയമായ ആശുപത്രിയെ സർക്കാർ അവഗണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. പി.ഡബ്ല്യു.ഡിയാണ് റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ആശുപത്രി അധികൃതർ നാലുവർഷം മുമ്പുതന്നെ പി.ഡബ്ല്യു.ഡിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായിട്ടില്ല.
കായകൽപ് അവാർഡ് കിട്ടിയ ആശുപത്രിയാണിത്. കായകൽപ്പിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 2022ലാണ് ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽനിന്ന് പണം ചെലവഴിച്ച് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. പിന്നീട് ഒരു പ്രവർത്തനവും നടന്നില്ല. ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്ന് 86.8 കോടി രൂപ അനുവദിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.