കമ്യൂണിറ്റി ക്വോട്ട പ്രവേശനം സ്കൂളധികൃതർ എന്റർ ചെയ്തില്ല പ്ലസ് വൺ പഠനത്തിന് അവസരം നഷ്ടപ്പെട്ട് വിദ്യാർഥിനി
text_fieldsകോഴിക്കോട്: പ്ലസ് വണിന് കമ്യൂണിറ്റ് ക്വോട്ടയിൽ അഡ്മിഷൻ നേടിയിട്ടും സ്കൂൾ അധികൃതർ വെബ്സൈറ്റിൽ എന്റർ ചെയ്യാൻ മറന്നതോടെ പഠനത്തിനുള്ള അവസരം നഷ്ടപ്പെട്ട് വിദ്യാർഥിനി. ജനറൽ ക്വോട്ടയിൽ പ്രവേശനം നേടിയ വി.എച്ച്.എസ്.ഇ കോഴ്സ് ഉപേക്ഷിച്ച് വീടിന് സമീപമുള്ള സ്കൂളിൽ കമ്യൂണിറ്റി ക്വോട്ടയിൽ കമ്പ്യൂട്ടർ സയൻസിന് ചേർന്ന ഫെല്ലയാണ് പെരുവഴിയിലായത്.
തെക്കേപ്പുറം സ്വദേശിയായ വിദ്യാർഥിനി സയൻസ് ഗ്രൂപ് ലഭിക്കുന്നതിനും വീടിനടുത്തുള്ള സ്കൂളിൽ പഠനം തുടരുന്നതിനുമാണ് നടക്കാവ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ടി.സി വാങ്ങി കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കമ്യൂണിറ്റി ക്വോട്ടയിൽ ലഭിച്ച അലോട്ട്മെന്റിൽ പ്രവേശനം നേടിയത്.
സ്കൂളിൽ ഫീസ് അടച്ച് പ്രവേശനം നേടുകയും കുട്ടിയുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടി സ്കൂളിൽ ക്ലാസിൽ പോയിത്തുടങ്ങിയതിന് ശേഷമാണ് പ്രവേശനം വെബ്സൈറ്റിൽ എന്റർ ആയില്ലെന്നും അത് ജനറൽ സീറ്റ് ക്വോട്ടയിലേക്ക് മാറിയെന്നും സ്കൂൾ അധികൃതർ അറിയിക്കുന്നത്. ഇതോടെ വിദ്യാർഥിനിയുടെ പഠനം അനിശ്ചിതത്വത്തിലായി. ഇക്കാര്യത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്ന് വീഴ്ചസംഭവിച്ചതായി കാലിക്കറ്റ് ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ അബ്ദു സമ്മതിച്ചു.
വിഷയം ശ്രദ്ധയിൽപെട്ടയുടൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് സ്കൂളിൽതന്നെ വിദ്യാർഥിക്ക് കമ്യൂണിറ്റി ക്വോട്ടയിൽ പഠനം തുടരുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഉത്തരവ് സമ്പാദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മാത്രമല്ല, സ്കൂളിൽ കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം നേടേണ്ടിയിരുന്ന രണ്ടു വിദ്യാർഥികൾ കൃത്യസമയത്ത് എത്താതിരുന്നതിനാൽ മറ്റു രണ്ട് കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ കൂടി ജനറൽ കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. മഴകാരണം കലക്ടർ അവധി പ്രഖ്യാപിച്ചതിനാൽ പല വിദ്യാർഥികൾക്കും നേരത്തെ പ്രവേശനം നേടിയ സ്കൂളിൽനിന്ന് ടി.സി വാങ്ങാൻ കഴിയാതെ പ്രവേശനം വൈകുകയും അങ്ങനെ കമ്യൂണിറ്റി ക്വോട്ട, ജനറൽ സീറ്റിലേക്ക് മാറിയതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.