വീടിനുമുന്നിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തിനശിച്ച നിലയിൽ
text_fieldsകുറ്റ്യാടി: കായക്കൊടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറുകൾ കത്തിനശിച്ച നിലയിൽ. കായക്കൊടിയിലെ ഐ.എൻ.എൽ നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. വീടിന്റെ മുൻഭാഗത്തെ വാതിലിലേക്കും തീപടർന്നു. ഐ.എൻ.എൽ മേഖല ചെയർമാൻ എടക്കണ്ടി പോക്കറുടെയും മകന്റെയും സ്കൂട്ടറുകളാണ് കത്തിനശിച്ചത്.
ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടത്. ഇരുവാഹനങ്ങളും പൂർണമായി കത്തിനശിച്ചു. കാർപറ്റിലേക്ക് തീപടർന്നതിനെത്തുടർന്ന് വീടിന്റെ മുൻഭാഗത്തും വാതിലിലേക്കും തീപടരുകയായിരുന്നു. ചൂടും വെളിച്ചവും കൊണ്ട് ഉണർന്നപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.
ഉടൻ തൊട്ടിൽപാലം പൊലീസിൽ അറിയിക്കുകയായിരുന്നു. തൊട്ടിൽപാലം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്തതായി സി.ഐ പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് തീവെപ്പിന് പിന്നിലെന്ന് പറയുന്നു.
‘സമഗ്രാന്വേഷണം നടത്തണം’
കായക്കൊടി: ഐ.എൻ.എൽ കുറ്റ്യാടി മേഖല ചെയർമാൻ ഇടക്കണ്ടി പോക്കറുടെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ തീയിട്ടു നശിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഐ.എൻ.എൽ കുറ്റ്യാടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
സി.എച്ച്. ഹമീദ് അധ്യക്ഷത വഹിച്ചു. താനാരി കുഞ്ഞമ്മദ്, എൻ.കെ.സി. അമ്മദ്, റഫീക്ക് കാവിൽ, കെ.കെ. നൗഷാദ്, കെ.ജി. ലത്തീഫ്, നാസർ ദേവർകോവിൽ, പി.ടി. അബ്ദുൽ അസീസ്, പി.പി. അമ്മദ്, ജാഫർ വാണിമേൽ, അബൂബക്കർ വേളം, പി.കെ. ഇഖ്ബാൽ, ഇക്ബാൽ മലോപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.
വീടിനുമുന്നിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തിനശിച്ച നിലയിൽ
കായക്കൊടി: ഇരുചക്രവാഹനങ്ങൾ കത്തിച്ച സംഭവത്തിൽ വെൽഫെയർ പാർട്ടി കായക്കൊടി യൂനിറ്റ് പ്രതിഷേധിച്ചു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയംഗം ഷഫീഖ് പരപ്പുമ്മൽ, യൂനിറ്റ് പ്രസിഡന്റ് പി. അബ്ദുല്ല, വി.പി. അബ്ദുസ്സലാം തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.