കപ്പലങ്ങാടി, ബൈത്താനി മേഖലകളിൽ കടലാക്രമണം രൂക്ഷം
text_fieldsകടലുണ്ടി: വട്ടപ്പറമ്പ് കപ്പലങ്ങാടി മുതൽ ബൈത്താനി വരെ കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ അടിച്ചുകയറി കടലാക്രമണം രൂക്ഷമായി. ഈ ഭാഗത്തെ നിരവധി വീടുകളിൽ വെള്ളംകയറി. ബൈത്താനി തീരദേശ റോഡിൽ നാലടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി. കടലിൽനിന്ന് വെള്ളം അടിച്ചുകയറിയതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് മോട്ടോർ പമ്പ്, ഫ്രിഡ്ജ്, ടി.വി തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം നശിച്ചിട്ടുണ്ട്.
ബൈത്താനി, കപ്പലങ്ങാടി ഭാഗങ്ങളിൽ കടൽഭിത്തി ഉയരം കുറവായതാണ് പ്രശ്നം രൂക്ഷമാക്കിയത്. വാക്കടവ് മുതൽ കടലുണ്ടിക്കടവ് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും ഭിത്തി തകർന്നിട്ടുമുണ്ട്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ഭീതിയോടെയാണ് കടലോരവാസികളുടെ അന്തിയുറക്കം. അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ തീരദേശ റോഡ് സ്തംഭിപ്പിക്കൽ ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.