മൊഫ്യൂസിൽ സ്റ്റാൻഡിന് ചുറ്റും തണലിട്ട മരങ്ങൾ കത്തി
text_fieldsകോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള തണൽ മരച്ചില്ലകൾ മുറിച്ചുമാറ്റിയത് വിവാദത്തിൽ. സംഭവത്തിൽ പൊതുമുതൽ നശീകരണത്തിന് കേസെടുക്കണമെന്ന് കാണിച്ച് പ്രകൃതിസ്നേഹികൾ കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകി. ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജനാണ് പരാതി നൽകിയത്. കോർപറേഷനും വനം വകുപ്പിനും പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.
കോർപറേഷനെയോ വനം വകുപ്പിനെയോ അറിയിക്കാതെയാണ് കഴിഞ്ഞദിവസം രാത്രി ഏഴ് തണൽ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുനീക്കിയത്. ഉങ്ങ്, മെയ്ഫ്ലവർ തുടങ്ങിയ മരങ്ങൾക്കാണ് കത്തിവീണത്. മരംമുറിയെപ്പറ്റി അറിയില്ലെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
തങ്ങൾക്ക് ആരും മരം മുറിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് വനം വകുപ്പ് അധികൃതരും പറഞ്ഞു. ബസ് സ്റ്റാൻഡ് സമുച്ചയത്തിൽ കടമുറികളുടെ നവീകരണം നടക്കുന്നുണ്ട്. കടയുടെ കാഴ്ചക്ക് വേണ്ടി അനുമതിയില്ലാതെ ശിഖരങ്ങൾ മുറിച്ചുനീക്കിയതായാണ് പരാതി. ശിഖരങ്ങൾക്കൊപ്പം തായ് തടിയും ചില ഭാഗങ്ങളിൽ മുറിച്ചിട്ടുണ്ട്. ഗതാഗതത്തിനോ കാൽനട യാത്രക്കോ കെട്ടിടങ്ങൾക്കോ വൈദ്യുതിലൈനിനോ തടസ്സമുണ്ടാക്കാത്ത അധികം ഉയരത്തിൽ പോവാതെ നിന്ന മരങ്ങളാണ് മുറിച്ചത്.
മാവൂർ റോഡിലെ കടുത്ത വേനലിൽ വാഹനങ്ങൾ നിർത്തിയിടുകയും വഴിയാത്രക്കാർ വിശ്രമിക്കുകയും ചെയ്തിരുന്നത് ഈ മരത്തണലിലായിരുന്നു. വനം വകുപ്പ് പരിശോധിക്കുകയോ വില നിശ്ചയിക്കുകയോ അനുമതി നൽകുകയോ ഉണ്ടായിട്ടില്ലെന്ന് ഡി.എഫ്.ഒ വ്യക്തമാക്കിയതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും മോഷ്ടിച്ച് മരത്തടികൾ കടത്തിക്കൊണ്ടുപോയതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.