മെഡിക്കല്‍ കോളജിന് സമീപമുള്ള പെട്ടിക്കടകള്‍ പൊളിച്ചുനീക്കി
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്കിന് സമീപമുള്ള 30ഓളം പെട്ടിക്കടകള്‍ കോർപറേഷൻ പൊളിച്ചുനീക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകളാണ് പൊളിച്ചുനീക്കിയതെന്നാണ് കോര്പറേഷന് അധികൃതർ വിശദീകരിക്കുന്നത്.
മുന്നറിയിപ്പില്ലാതെയാണ് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പൊലീസും കോർപറേഷൻ അധികൃതരും ജെ.സി.ബിയുമായി എത്തി പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെയുള്ള പൊളിച്ചുനീക്കലിനെതിരെ ശക്തമായ ആക്ഷേപമുയർന്നു.
ചായ, സ്റ്റേഷനറി കച്ചവടങ്ങള്‍ നടത്തുന്ന കടകളാണ് പൊളിച്ചുനീക്കിയത്. കോര്പറേഷന് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുമരാമത്ത്, പൊലീസ് വിഭാഗങ്ങളും നടപടിയില്‍ പങ്കെടുത്തു. കടകള്‍ സ്വയം പൊളിച്ചുനീക്കണമെന്ന് നടത്തുന്നവരോട് രണ്ടു മാസം മുന്നേ നിര്‍ദേശിച്ചിരുന്നുവെന്നാണ് കോര്പറേഷന് ഹെല്‍ത്ത് വിഭാഗം പറയുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കടക്കാർ പറയുന്നു.
ഇന്നലെ വിൽക്കാനുള്ള പാലും പലഹാരങ്ങളും വാങ്ങി വ്യാപാരം തുടങ്ങിയ ഉടനെയായിരുന്നു കടകൾ അധികൃതർ പൊളിക്കാൻ എത്തിയത്. നേരത്തെ അറിയിച്ചിരുന്നെങ്കിൽ തങ്ങൾ ഇതെല്ലാം മാറ്റുമായിരുന്നുന്നെന്നും വിൽപ്പനക്കുള്ള സാധനങ്ങൾ ശേഖരിക്കില്ലായിരുന്നുവെന്നും വ്യാപാരികൾ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് കോര്പറേഷന് ഓഫിസില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പൊടുന്നനെ പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്.
പെട്ടെന്നുള്ള നടപടിയായതിനാല്‍ വലിയ പ്രയാസം നേരിട്ടതായി കടയുടമകള്‍ പറഞ്ഞു. അര ലക്ഷം രൂപ വില വരുന്ന പെട്ടികളും മറ്റും എടുത്തുകൊണ്ടുപോയതായി മെഡി. കോളജ് ഉന്തുവണ്ടി പെട്ടിക്കട യൂനിയന്‍ (ഐ.എന്‍.ടി.യു.സി) കണ്‍വീനര്‍ സി.കെ. സൈതലവി പറഞ്ഞു. കൂടാതെ, കാഷ്വാലിറ്റി ബ്ലോക്കിന് സമീപമുള്ള 13ഓളം കടകള്‍ ആറു മാസക്കാലം പൊളിച്ചുനീക്കരുതെന്ന കോടതി നിര്‍ദേശം കോര്പറേഷന് ലംഘിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ ഭാഗത്തെ കടകളില്‍ വെള്ളമെത്തിച്ചുനല്കുന്നതിനിടക്ക് വാഹനമിടിച്ച് ഇതിന് മുമ്പ് ഒരാള്‍ മരിച്ചിരുന്നു. അനധികൃത കടകള്‍ കാരണം ഗതാഗതക്കുരുക്കനുഭവപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പെട്ടിക്കടകള്‍ നടത്തുന്നവരുടെ യോഗം ഇതിന് മുമ്പ് മെഡി. കോളജ് പോലിസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.