കെട്ടിക്കിടന്നത് ഒമ്പതുകൊല്ലം; പെട്ടിക്കടകൾ മേയർ ഭവനിറങ്ങിയേക്കും
text_fieldsകോഴിക്കോട്: കോർപറേഷന് അപമാനമായി 10 കൊല്ലത്തോളമായി മേയർഭവനു മുന്നിൽ കെട്ടിക്കിടന്ന പെട്ടിക്കടകൾക്ക് ശാപമോക്ഷമാവുമെന്ന് പ്രതീക്ഷ. നഗരത്തിൽ കച്ചവടത്തിന് എ.ഡി.ബി സഹായത്തോടെയുള്ള സുസ്ഥിര നഗരവികസന പദ്ധതിയിൽ ദാരിദ്ര്യ സാമൂഹിക ഫണ്ട് ഉപയോഗിച്ച് ഏറെ കൊട്ടിഘോഷിച്ച് ആധുനിക രൂപകൽപനയോടെ 2013ൽ നിർമിച്ച പെട്ടിക്കടകളിൽ ഒമ്പതെണ്ണമാണ് വർഷങ്ങളായി മേയർഭവൻ മുറ്റത്ത് കിടന്നത്.
അന്ന് മൊത്തം 16 കടകളാണ് ഉപഭോക്താക്കളെ കണ്ടെത്തി വിതരണത്തിന് തയാറാക്കിയത്. ഇവയിൽ പല തവണയായി ഏഴെണ്ണം ഉപഭോക്താക്കൾക്ക് നൽകിയെങ്കിലും സാങ്കേതിക നൂലാമാലകൾ കാരണം ഒമ്പതെണ്ണത്തിന് ആവശ്യക്കാരെ കിട്ടിയില്ല.
എറ്റവുമൊടുവിൽ പദ്ധതിയിലെ ഗുണഭോക്താക്കളിൽനിന്ന് കഴിഞ്ഞദിവസം അപേക്ഷ ക്ഷണിച്ചതിൽ 40,000 രൂപക്ക് വണ്ടി എടുക്കാമെന്ന് ആറ് ഉപഭോക്താക്കൾ സമ്മതിച്ചതോടെയാണ് ഇവ പുറത്തിറങ്ങുമെന്ന പ്രതീക്ഷയുയർന്നത്. ഇതിന് നഗരസഭ അനുമതി നൽകി.
ഇങ്ങനെ 2.8 ലക്ഷം രൂപ നഗരസഭക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. സബ്സിഡി നൽകാനായി അന്ന് മാറ്റിവെച്ച 2.55 ലക്ഷം രൂപ ബാങ്കിലുണ്ട്. ഒമ്പതു വണ്ടികൾക്കുമായി നിർമാതാക്കളായ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10.21 ലക്ഷം നൽകാനുണ്ട്.
ഇതാവശ്യപ്പെട്ട് കമ്പനി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അതിന്‍റെയടിസ്ഥാനത്തിൽ പണം നൽകാനും നഗരസഭ തീരുമാനിച്ചു.
ആറെണ്ണം കഴിച്ച് ബാക്കിവരുന്ന തുരുമ്പെടുത്ത മൂന്നു വണ്ടികൾ പഴയ ഇരുമ്പു കച്ചവടക്കാർക്ക് ലേലംചെയ്ത് വിൽക്കാനും കോർപറേഷൻ തീരുമാനിച്ചു. ഇവക്ക് ഓരോന്നിനും 4600 രൂപയെങ്കിലും കിട്ടുമെന്നാണ് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
പാവപ്പെട്ടവർക്ക് ഒരുക്കിയ 'മൊബൈൽ ഫുഡ് കോർട്'
പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനായി 'മൊബൈൽ കോർട്ട്' എന്നു പേരിട്ട ഒമ്പത് ഇരുമ്പ് ഉന്തുവണ്ടികളാണ് മേയർഭവനിലെ പടിഞ്ഞാറെ മുറ്റത്ത് വെയിലും മഴയുമേറ്റ് നശിച്ചത്. യഥാർഥ ആവശ്യക്കാരെ കണ്ടെത്തി പെട്ടെന്ന് കട അനുവദിച്ചുകൊടുക്കാത്തതിനാൽ പദ്ധതി പാതിവഴിയിലായി ആർക്കും ഉപകാരപ്പെടാത്തതായി.
സർക്കാർ മേൽനോട്ടത്തിൽ വാഷ്ബേസിനടക്കം ഒരുക്കിയായിരുന്നു പെട്ടിക്കടകൾ തയാറാക്കിയത്. ബാങ്കുകൾ വഴിയും മറ്റും ഫയലുകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് വിതരണം മുടങ്ങാൻ കാരണം. സുസ്ഥിര നഗര വികസന പദ്ധതി ഓഫിസിൽനിന്ന് കടലാസ് കാര്യങ്ങൾ പൂർത്തിയാക്കിക്കൊടുത്തെങ്കിലും ഉപഭോക്താക്കൾക്ക് വായ്പ കിട്ടുന്നതിൽ താമസമുണ്ടായി.
ഒരുലക്ഷത്തിലേറെ രൂപ ചെലവുള്ള കടക്ക് 28,000 രൂപയായിരുന്നു സബ്സിഡി. കാലതാമസം നേരിട്ടതിനനുസരിച്ച് സബ്സിഡിയുടെ ശതമാനം കൂട്ടാത്തതിനാൽ ഉപഭോക്താക്കൾക്ക് കട വാങ്ങാൻ താൽപര്യമില്ലാതായതും പെട്ടിക്കടകൾ മൂലക്കാവാനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.