പന്നിയുടെ ആക്രമണത്തിൽനിന്നും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsനാദാപുരം: പന്നിയുടെ ആക്രമണത്തിൽനിന്നും വിദ്യാർഥിനി തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച എട്ടരയോടെ പയന്തോങ്ങ് ഹൈെടക് കോളജിൽ പഠിക്കുന്ന കക്കംവെള്ളി പെട്രോൾ പമ്പിന് സമീപത്തെ വിദ്യാർഥിനിയാണ് കാട്ടുപന്നിയുടെ മുന്നിൽപെട്ടത്. കനാൽ പരിസരത്തെ പൊന്തക്കാട്ടിൽനിന്ന് പുറത്തിറങ്ങിയ കാട്ടുപന്നിയും വിദ്യാർഥിനിയും മുഖാമുഖം നിന്നു.
വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, അതേസമയം പന്നി സമീപത്ത് താമസിക്കുന്ന കൂവലംകണ്ടി മൊയ്തുവിന്റെ വീടിനോട് ചേർന്ന പറമ്പിലെ കിണറ്റിൽ വീണു. പന്നിയെ കിണറ്റിൽനിന്നും പുറത്തെത്തിക്കാൻ നാട്ടുകാർക്ക് ഏറെ പണിപ്പെടേണ്ടിവന്നു.
പഞ്ചായത്ത്, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവയുമായി സഹായത്തിനായി മാറിമാറി ബന്ധപ്പെട്ടെങ്കിലും എല്ലാവരും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറിയതായി നാട്ടുകാർ പരാതിപ്പെട്ടു. ലൈസൻസുള്ള തോക്കുള്ളയാളെ കണ്ടുപിടിക്കാൻ വനംവകുപ്പ് നൽകിയ നിർദേശം നാട്ടുകാരെ ഏറെ ദുരിതത്തിലാക്കി.
തോക്കുള്ളയാളെ തേടി ഏറെ നേരം അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിൽ നാട്ടുകാർതന്നെ കയറിൽ കുരുക്കുണ്ടാക്കി കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ആക്രമണഭീതി കാരണം ഉപേക്ഷിച്ചു. ഒടുവിൽ വെള്ളത്തിൽ കിടന്ന പന്നിക്ക് വൈകുന്നേരത്തോടെ ജീവൻ നഷ്ടമാവുകയും തുടർന്ന് ജഡം കരക്കെത്തിക്കുകയുമാണ് ചെയ്തത്. പന്നി വീണ് കുടിവെള്ളം അശുദ്ധമായതോടെ വീട്ടുകാർ ബന്ധുവീട്ടിേലക്ക് താമസം മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.