അടിപ്പാത വരില്ലേ? ആശങ്കയിൽ പ്രദേശവാസികൾ
text_fieldsകോഴിക്കോട്: ദേശീയപാത ബൈപാസ് നവീകരണം പുരോഗമിക്കുമ്പോൾ പാത മുറിച്ചുകടക്കാൻ അടിപ്പാത വേണമെന്ന ഏറെക്കാലമായുള്ള പഴയ ആവശ്യം യാഥാർഥ്യമാവില്ലേയെന്ന ആധിയിൽ ഒരു പ്രദേശത്തെ ജനങ്ങൾ. മൊകവൂർ കുനിമ്മൽതാഴത്താണ് അടിപ്പാത വരുമെന്ന ഉറപ്പൊന്നും കിട്ടാതെ ജനങ്ങൾ തീ തിന്നുന്നത്.
ബൈപാസ് വന്നതിൽപിന്നെ റോഡപകടങ്ങളിൽ 12 പേർ ഈ ഭാഗത്ത് മരിച്ചതായി മൊകവൂർ എൻ.എച്ച് അടിപ്പാത ജനകീയ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പല തവണയായി നാട്ടുകാർ അടിപ്പാതക്കായി നിവേദനങ്ങൾ നൽകിയെങ്കിലും ദേശീയപാത വികസനം പ്രഖ്യാപിച്ചപ്പോൾ കുനിമ്മൽതാഴത്തെ അടിപ്പാത മാത്രം പദ്ധതിക്ക് പുറത്തായി.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരെയും എം.പിയെയുമെല്ലാം കണ്ടെങ്കിലും പദ്ധതിയിൽപെടാത്തതിനാൽ വൈകിപ്പോയെന്നായിരുന്നു മറുപടി. പരമാവധി ശ്രമിക്കുമെന്ന അവരുടെ അവസാന ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് കൂടുതൽ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയിലും അവർ പ്രതീക്ഷയർപ്പിക്കുന്നു. കേസിൽ ദേശീയപാത അധികൃതർ റിപ്പോർട്ട് നൽകാൻ സമയം തേടിയിരിക്കുകയാണിപ്പോൾ. അഞ്ച് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളൊന്നിച്ച് കക്ഷിരാഷ്ട്രീയ ഭേദമെന്യേ രൂപവത്കരിച്ച സമിതി കേന്ദ്ര, സംസ്ഥാന അധികാരികൾക്കും ദേശീയപാത അതോറിറ്റിക്കും നിരവധി നിവേദനങ്ങൾ നൽകിക്കഴിഞ്ഞു.
ദേശീയപാതയിൽ ബഹുജന ധർണ, എൻ.എച്ച് പ്രോജക്ട് ഡയറക്ടർ ഓഫിസിന് മുന്നിൽ ധർണ, ദേശീയപാതയിൽ ഏകദിന ഉപവാസ സമരം തുടങ്ങി വിവിധ പ്രക്ഷോഭ പരിപാടികളും നടന്നു.
കോർപറേഷൻ അഞ്ചാം വാർഡിൽപെട്ട മൊകവൂരിലേക്ക് കുണ്ടുപറമ്പിൽനിന്നുള്ള ക്രോസിങ്ങാണ് കുനിമൽ താഴം ജങ്ഷൻ; ദേശീയപാത മറികടന്ന് ഈ ഭാഗത്തുകാർക്ക് കോഴിക്കോട്ടേക്കെത്താനുള്ള പ്രധാന കവാടം. 2018ലെയും 2019ലെയും പ്രളയക്കെടുതിയിൽ നിരവധി വീടുകളിൽ വെള്ളം കയറിയപ്പോൾ ദേശീയപാത മുറിച്ചുകടന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത് ഈ മാർഗത്തിലൂടെയായിരുന്നു.
450ഓളം വീടുകളിലായി രണ്ടായിരത്തോളം പേർ ഈ ഭാഗത്ത് താമസക്കാരായുണ്ട്. വിദ്യാർഥികളടക്കമുള്ളവർക്ക് കോഴിക്കോട്ടേക്കെത്താനുള്ള എളുപ്പമാർഗത്തിലാണ് ബൈപാസ് കുരുക്കിട്ടത്. 500 മീറ്റർ അകലെയുള്ള കുണ്ടുപറമ്പ് മാർക്കറ്റിലെത്താൻ അടിപ്പാത വന്നില്ലെങ്കിൽ കിലോമീറ്ററിലേറെ നടക്കണം.
കഴിഞ്ഞ നാൽപത് വർഷമായി കോഴിക്കോട്ടേക്കും മെഡിക്കൽ കോളജിലേക്കും ബസ് സർവിസുകൾ കടന്നുപോവുന്നത് ഈ റോഡിലൂടെയാണ്. പൂനൂർ പുഴക്ക് കുറുകെ നിർദിഷ്ട മൊകവൂർ-ചിറ്റടിക്കടവ് പാലം വന്നാൽ കക്കോടി, ചെറുകുളം ഭാഗങ്ങളിൽനിന്ന് കോഴിക്കോട്ടേക്കുള്ള എളുപ്പമാർഗമായി അടിപ്പാത മാറും.
മൊകവൂരിലെ പ്രൈമറി ഹെൽത്ത് സെന്റർ, അംഗൻവാടി, പകൽവീട് എന്നിവിടങ്ങളിലേക്കെത്തിച്ചേരാനുള്ള എളുപ്പമാർഗംകൂടിയാണിത്. ആക്ടിങ് ചെയർമാൻ പി. ചന്തു, കൺവീനർ സി. അനിൽകുമാർ, ഷൈലജ ജയകൃഷ്ണൻ, രാഹുൽ വെള്ളാംകൂർ, ടി.എസ്. പ്രേമ, കെ.പി. രാമുണ്ണിക്കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.