ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത സര്‍വേ നാളെ തുടങ്ങും
text_fieldsകോഴിക്കോട്: ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്കപാത നിര്‍മാണത്തിെൻറ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിെൻറ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷെൻറ 12 അംഗ സംഘമാണ് സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് സ്റ്റഡി എന്നിവക്കായി എത്തുന്നത്.
പുണെയില്‍ നിന്നാണ് കെ.ആർ.സി.എല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (പ്രോജക്ട്) കേണല്‍ രവിശങ്കര്‍ ഖോഡകെയുടെ നേതൃത്വത്തിലുള്ള എന്‍ജിനീയറിങ് സംഘമെത്തുക. തുരങ്കപാത ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കോഴിക്കോട്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലിന് സമീപത്തെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവരി പാതയടങ്ങുന്ന തുരങ്കമാണ് നിർമിക്കുന്നത്. കൂടാതെ തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ടുവരി സമീപന റോഡും കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാലവും നിർമിക്കും.
പദ്ധതിക്കായി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നാല് അലൈന്‍മെൻറുകളാണ് തയാറാക്കിയത്. ഇതില്‍ ഏറ്റവും അനുയോജ്യമായതെന്ന് വിലയിരുത്തിയ ആനക്കാംപൊയില്‍ മറിപ്പുഴയില്‍നിന്നാരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്ന മൂന്നാമത്തെ അലൈന്‍മെൻറ് അടിസ്ഥാനമാക്കിയാണ് വിശദ റിപ്പോര്‍ട്ട് തയാറാക്കുക.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഒരു കിലോമീറ്റര്‍ തുരങ്കപാത നിര്‍മിക്കുന്നതിന് ശരാശരി 100 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. പ്രവൃത്തി ആരംഭിച്ച് 38 മാസത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
വനഭൂമി വിട്ടുകിട്ടുന്നതിലെ പ്രയാസമാണ് താമരശ്ശേരി ചുരം റോഡ് വികസിപ്പിക്കുന്നതിനും ബദല്‍ റോഡുകള്‍ നിര്‍മിക്കുന്നതിനും വിലങ്ങുതടിയായിരുന്നത്. ഇതോടെയാണ് വനഭൂമി നഷ്ടപ്പെടാതെ തുരങ്കപാതയെന്ന ആശയം ഉയര്‍ന്നത്. ജോര്‍ജ് എം. തോമസ് എം.എൽ.എയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം മലബാറിലെ വിനോദസഞ്ചാര മേഖലക്കും പദ്ധതി മുതൽക്കൂട്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.