'കള്ളൻ' കടലിൽ ചാടി; പുലിവാലുപിടിച്ച് പൊലീസ്
text_fieldsകോഴിക്കോട്: അർധരാത്രി ബീച്ചിലെ ഹോട്ടലിലെത്തിയ 'കള്ളൻ' പിടിയിലായതിനുപിന്നാലെ കുതറിയോടി കടലിൽ ചാടിയത് പൊലീസിന് പുലിവാലായി. ചൊവ്വാഴ്ച രാത്രി ബീച്ചിൽ കോർപറേഷൻ ഓഫിസിന് സമീപത്തെ ഹോട്ടലിൽ അജ്ഞാതനായ ഒരാൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അടുക്കളവാതിൽ വഴി ഹോട്ടലിനുള്ളിലെത്തിയ ആളെ മോഷ്ടാവെന്ന് കരുതി ഹോട്ടൽജീവനക്കാരായ ഇതരസംസ്ഥാനക്കാർ പിടിച്ചുവെക്കുകയായിരുന്നു.
കൂടുതൽപേരെത്തി ഇയാളോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കുതറിയോടി കടലിൽ ചാടി. ഇതോടെ എല്ലാവരും ഭീതിയിലായി.
തുടർന്ന് ടൗൺ സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തുകയും ബീച്ച് അഗ്നിരക്ഷാസേന എത്തി കടലിൽ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ആളെ കണ്ടെത്താനായില്ല. കടലിൽ ചാടിയ ആൾ ആരെന്ന് വ്യക്തതയില്ലാത്തതും പ്രതിസന്ധിയായി.
അർധരാത്രി സിറ്റിയിലെ ഉന്നത പൊലീസുകാരടക്കമുള്ളവരും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി. എന്നാൽ, രാവിലെ അന്വേഷിച്ചപ്പോൾ കടലിൽ ചാടിയെന്ന് കരുതിയ ആളുണ്ട് കടലോരത്തിരുന്ന് കാറ്റുകൊള്ളുന്നു. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കാര്യങ്ങൾ തിരക്കിയെങ്കിലും മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് വ്യക്തമായി.
ഇയാൾ കടലിൽ ചാടിയിരുന്നോ അതോ ഇരുട്ടിൽ എവിടെയോ ഒളിച്ചിരുന്നതായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ടൗൺ പൊലീസ് അറിയിച്ചു. ആളെ കണ്ടെത്തിയതോടെയാണ് രാത്രി ഹോട്ടലിലുണ്ടായിരുന്നവർക്കും സംഭവത്തിന് സാക്ഷിയായവർക്കുമെല്ലാം ആശ്വാസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.