ടൗൺഹാൾ മൂന്നു മാസത്തിനകം തുറക്കും
text_fieldsകോഴിക്കോട്: നഗരത്തിൽ സാംസ്കാരിക പരിപാിടകൾക്ക് തടസ്സമായി ടൗൺഹാളും ടാഗോർ ഹാളും അടഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ ടൗൺഹാളിന്റെ പ്രവൃത്തി മൂന്നു മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും പ്രവൃത്തി പൂർത്തിയാകുന്നത് വരെ ടാഗോർ സെന്റിനറി ഹാളിന് പുറത്ത് വേദി ഒരുക്കുമെന്നും കോർപറേഷന്റെ ഉറപ്പ്. കലാ-സാംസ്കാരിക സംയുക്ത വേദി പ്രവർത്തകർ മേയർ ഡോ. ബീന ഫിലിപ്പിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ടാഗോർ ഹാളിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ കലാ-സാംസ്കാരിക പരിപാടികൾക്ക് വാടക ഇളവ് ചെയ്യുന്നതിന് അടുത്ത കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഉറപ്പ് നൽകി.
കലാ-സാംസ്കാരിക സംയുക്ത വേദി ഉന്നയിച്ച ആവശ്യങ്ങൾ കോർപറേഷൻ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ടൗൺഹാളിന്ന് മുന്നിൽ നടത്താനിരുന്ന പ്രതിഷേധ ധർണ മാറ്റിവെച്ചതായി പ്രവർത്തകർ അറിയിച്ചു.
ചർച്ചയിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ പി. ദിവാകരൻ, പി.കെ. നാസർ, പി.സി. രാജൻ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, സൂപ്രണ്ടിങ് എൻജിനീയർ എം.എസ്. ദീലീപ്, സംയുക്ത വേദി വൈസ് ചെയർമാൻ വിൻസൺ സാമുവൽ, ജനറൽ കൺവീനർ കെ. സലാം, കൺവീനർ കെ.സുബൈർ, ട്രഷറർ സന്നാഫ് പാലക്കണ്ടി, പി.ടി. ആസാദ്, കെ. നിധീഷ്, ആർ. ജയന്ത് കുമാർ, സുധീഷ് കക്കാടത്ത്, സി.ടി. സക്കീർ ഹുസൈൻ, കെ.ആർ. മോഹൻ ദാസ്, എം.എസ്. മെഹബൂബ്, ടി.കെ.എ. അസീസ്, എം. അസ്കർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.