വ്യാപാരികൾ കട തുറക്കാനുള്ള തീരുമാനം മാറ്റിയത് അവസാനഘട്ടത്തിൽ
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽനിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറിയത് അവസാനഘട്ടത്തിൽ. ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ, വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കുമെന്നും അശാസ്ത്രീയ നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പ്രഖ്യാപിച്ചത്.
പെരുന്നാൾ വരെ എല്ലാ കടകളും 24 മണിക്കൂറും തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ടി.പി.ആർ നിരക്ക് ഉയർന്ന കോഴിക്കോട് നഗരം സി കാറ്റഗറിയിലാണെന്നതിനാൽ സർക്കാർ നിർദേശാനുസരണം മാത്രമേ ജില്ല ഭരണകൂടത്തിന് പ്രവർത്തിക്കാൻ കഴിയൂവെന്ന് കലക്ടർ വ്യക്തമാക്കിയെങ്കിലും വ്യാപാരികൾ ഇത് അംഗീകരിച്ചില്ല. കടകൾ തുറക്കുന്നത് പൊലീസ് തടഞ്ഞാൽ നേരിടുമെന്നും ഏകോപന സമിതി ഭാരവാഹികൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിലവിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമല്ല, മറിച്ച് അപ്രായോഗികമാണെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും പ്രതികരിച്ചെങ്കിലും നിയമം ലംഘിച്ച് കടകൾ തുറക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. അതേസമയം ഹോട്ടലുകൾക്ക് ശുചീകരണത്തിന് ഒരുമണിക്കൂർ അധികസമയം വേണമെന്നതും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തണമെന്നുമുള്ള ആവശ്യങ്ങൾ യോഗം അംഗീകരിച്ചു.
15,000ത്തിലേറെ കോവിഡ് രോഗികൾ ജില്ലയിലുണ്ടെന്നും കോവിഡ് ബാധിച്ച് 1,415 പേർ മരിച്ചെന്നും നിയമം ലംഘിച്ച് കടകൾ തുറന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടറും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കടകൾ തുറക്കുന്നതിൽനിന്ന് വ്യാപാരികൾ പിൻവാങ്ങിയത്.
സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്, ഡെപ്യൂട്ടി കലക്ടർ എൻ. റംല, ഡി.എം.ഒ ഡോ. വി. ജയശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, യൂത്ത് വിങ് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട്, ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ് കോയ, ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി ടി. മരക്കാർ, മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധി ഹസീബ്, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രതിനിധി യു.എസ്. സന്തോഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.