നഗരത്തിൽ യാത്ര ദുരിതം; ഗതാഗതക്കുരുക്ക് മുറുകുന്നു
text_fieldsകോഴിക്കോട്: നഗരത്തിൽ യാത്ര ദുരിതമാക്കി ഗതാഗതക്കുരുക്ക് രൂക്ഷം. സ്കൂൾ അവധിക്കാലം കൂടിയായതോടെ മാങ്കാവ് റൂട്ടിലും ബൈപാസിലും വലിയ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, ജങ്ഷനുകളിൽ വൻ കുരുക്കുണ്ട്. ഏപ്പോൾ ലക്ഷ്യത്തിലെത്തുമെന്ന് അറിയാത്ത സ്ഥിതിയാണെങ്ങും. ബൈപാസിൽ നവീകരണ പ്രവൃത്തി നടക്കുന്നതും മാളുകൾക്കു മുന്നിൽ രൂപപ്പെടുന്ന തിരക്കുമെല്ലാം ഗതാഗതം തടസ്സപ്പെടുത്തുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും കുരുക്കിന് കാരണമാണ്. ഗതാഗതക്കുരുക്കിനെതിരെ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കുരുക്ക് കാരണം സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. പ്രശ്നം ചർച്ച ചെയ്യാൻ മാങ്കാവ് മേഖലയിലെ റെസിഡന്റ്സ് അസോസിയേഷൻ അടക്കമുള്ളവരുടെ യോഗം വെള്ളിയാഴ്ച വളയനാട് രക്ഷാസമിതി വിളിച്ചു ചേർത്തിട്ടുണ്ട്.
നടപടിയാവാതെ നയരേഖ
നഗരത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് നയരേഖ നേരത്തേ കോർപറേഷൻ തയാറാക്കിയിരുന്നു. മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകിയ പദ്ധതിയെന്ന നിലയിൽ കോഴിക്കോട് മേഖല നഗരാസൂത്രണ കാര്യാലയം തയാറാക്കിയതാണ് നയരേഖ.
വിവിധ സാഹചര്യങ്ങളും സവിശേഷതകളും പരിഗണിച്ച് തയാറാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗര പാർക്കിങ് രേഖയാണിത്. നഗരത്തിൽ പുതിയ പാർക്കിങ് ഇടങ്ങൾ വികസിപ്പിക്കുക, നിലവിലുള്ള സൗകര്യങ്ങൾ ശക്തമാക്കുക, പേ പാർക്കിങ് കേന്ദ്രങ്ങളുടെ നിരക്ക് ഏകീകരിക്കുക തുടങ്ങിയവയാണ് നയരേഖയിലുള്ളത്. കെട്ടിടങ്ങളിൽ പാർക്കിങ് സ്ഥലം മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയാൻ നിരന്തര പരിശോധന, കൃത്യമായ പൊലീസ് ഇടപെടലുകൾ എന്നിവയും ലക്ഷ്യമിടുന്നു. വിശദ സർവേയും സാധ്യത പഠനവും പൊതുജനാഭിപ്രായ സമാഹരണവും നടത്തിയാണ് രണ്ടു കൊല്ലം മുമ്പ് രേഖ തയാറാക്കിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാർക്കിങ് ഇടങ്ങൾ വികസിപ്പിച്ചെടുക്കുന്ന കാര്യവും രേഖയിലുണ്ട്. നഗരസഭയാണ് രേഖയിലുള്ള കാര്യങ്ങൾ നടപ്പാക്കേണ്ടതെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.
പൊലീസ് നടപടി ശക്തമാക്കി
മാങ്കാവ് മേഖലയിലെ ട്രാഫിക് കുരുക്ക് പരിഹരിക്കാൻ പൊലീസ് നടപടികളായതോടെ വ്യാഴാഴ്ച രാവിലെ തിരക്കിന് ചെറിയ ആശ്വാസമായി. ദീർഘദൂര ബസുകൾ തൊണ്ടയാട് -രാമനാട്ടുകര ബൈപാസ് വഴി തിരിച്ചുവിടുകയാണ്. വാഹനങ്ങൾ മാങ്കാവിൽനിന്ന് ചാലപ്പുറം വഴി കല്ലുത്താൻ കടവ് ഭാഗത്തേക്ക് തിരിച്ചുവിടുന്നു. മാങ്കാവിലെ പുതിയ മാളിൽനിന്ന് മിനി ബൈപാസ് റോഡിലേക്ക് രണ്ട് വഴികൾ മാത്രമാക്കി. മാങ്കാവ് പരിസരത്തെ പോക്കറ്റ് റോഡുകൾ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു.
ഈ മേഖലയിൽ റോഡരികളിൽ വണ്ടി നിർത്തിയിടുന്നത് പൂർണമായി തടഞ്ഞു. കാൽനട ഫുട്പാത്ത് വഴിയിൽ വേണമെന്ന് നിർദേശം നൽകി.
മലപ്പുറം, തൃശൂർ ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ തൊണ്ടയാട് ബൈപാസ് വഴിയാക്കിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. മാങ്കാവ് മേഖലക്ക് വരേണ്ടാത്ത മറ്റ് വാഹനങ്ങളും ഈ രീതിയിൽ തിരിച്ചുവിടുന്നു. ആർ.ടി.എ യോഗം അംഗീകരിച്ചാൽ സംവിധാനം സ്ഥിരമാവും. വലിയ ലോറികൾ നഗരത്തിൽ പ്രവേശിപ്പിക്കാതെ കടത്തിവിടും. ഇവ വെങ്ങാലിപ്പാലത്തിനടുത്തുനിന്ന് പുതിയാപ്പ ബീച്ച് -ഫ്രാൻസിസ് റോഡ് വഴി മിനി ബെപാസ് കയറാതെയാണ് പോവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.