നഗരത്തിലെ വെള്ളക്കെട്ട്; കല്ലായിപ്പുഴ പെട്ടെന്ന് നന്നാക്കാൻ നഗരസഭ സമ്മർദം ചെലുത്തും
text_fieldsകോഴിക്കോട്: കല്ലായിപ്പുഴ നവീകരണം പെട്ടെന്ന് തുടങ്ങാൻ സർക്കാറിൽ അടിയന്തരമായി ഇടപെടാൻ കോർപറേഷൻ തീരുമാനം. നഗരത്തിൽ ആദ്യമഴയിൽ തന്നെ വെള്ളക്കെട്ടുണ്ടായതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി മേയർ ഡോ. ബീന ഫിലിപ് വിളിച്ച വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കല്ലായിപുഴ പ്രവൃത്തി ടെൻഡർ ചെയ്തതിൽ 56 ശതമാനം അധിക നിരക്കിലാണ് ക്വാട്ട് ചെയ്തത്. ടെൻഡർ അംഗീകരിക്കുകയാണെങ്കിൽ എത്ര തുക അധികമായി കണ്ടത്തേണ്ടി വരുമെന്നത് സംബന്ധിച്ച് ഇറിഗേഷൻ കോർപറേഷന് കത്ത് നൽകിയതായി ഇറിഗേഷൻ അധികൃതർ യോഗത്തിൽ അറിയിച്ചു.
പുഴയിലെ മണ്ണും മാലിന്യങ്ങളും നീക്കൽ അത്യാവശ്യമായതിനാലും ഓരോ തവണ ടെൻഡർ ചെയ്യുന്നതിനനുസരിച്ച് ക്വാട്ട് ചെയ്യുന്ന തുക വർധിക്കുകയാണെന്നതിനാലും ടെൻഡർ അംഗീകരിക്കുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് കൗൺസിൽ പാർട്ടി ലീഡർമാരുൾപ്പെടെ ആവശ്യമുന്നയിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. അരയിടത്ത് പാലത്തുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പമ്പിങ് സംവിധാനം ഏർപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. മഞ്ചക്കൽ തോട് ശുചീകരണത്തിന് എസ്റ്റിമേറ്റ് തയാറാക്കി ഉടൻ നഗരസഭയുടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും കൂടുതലായി ആവശ്യമായി വരുന്ന ഉപകരണങ്ങൾ വാടകക്കെടുക്കുന്നതിനും തോട്ടിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണും പായലും മാലിന്യങ്ങളും അതത് വാർഡുകളിൽ തന്നെ സ്ഥലം കണ്ടെത്തി നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാനും തീരുമാനിച്ചു. തുറന്നു കിടക്കുന്ന എല്ലാ മാൻഹോളുകളും ഉടൻ അടക്കുന്നതിന് നടപടിയെടുക്കും.
സ്റ്റേഡിയം ജങ്ഷനിൽ രാജാജി റോഡിൽ സത്രം കോളനിയിലൂടെയുള്ള ഓവുചാലിന്റെ മുകളിലൂടെ സത്രം കോളനിയിൽ നിർമിച്ച കുടിലുകളുടെ നിലം കട്ട് ചെയ്ത് ഓവചാലിന്റെ കണക്ടിവിറ്റി ഉറപ്പുവരുത്തി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് ദുരന്ത നിവാരണ പ്രവൃത്തിയെന്ന നിലയിൽ ജില്ല കലക്ടറുടെ ഉത്തരവ് ലഭ്യമാക്കി നടപടികൾ സ്വീകരിക്കും.രാജാജി റോഡിൽ പുതിയ ഓവുചാലിൽ സക്കർ കൊണ്ടുവന്ന് മണ്ണ് ഇളക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കും. രാജാജി റോഡിൽ അമൃത് പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓവുചാൽ വൃത്തിയാക്കുന്നതിന് കോർപറേഷന്റെ സക്കർ ഉപയോഗപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് അനുമതിയും നൽകി.
നഗരത്തിലെ വെള്ളക്കെട്ട്; കല്ലായിപ്പുഴ പെട്ടെന്ന് നന്നാക്കാൻ നഗരസഭ സമ്മർദം ചെലുത്തും
അരയിടത്തുപാലത്ത് പമ്പിങ് വരും
കോർപറേഷന്റെ ഫ്ലഡ് സ്ക്വാഡ് പുനഃസംഘടിപ്പിക്കാനും മേയർ വിളിച്ച യോഗത്തിൽ തീരുമാനമായി. അടിയന്തര സാഹചര്യങ്ങളിൽ പ്രളയം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും നിലവിലുള്ള ചുമതലകളോടൊപ്പം ഫ്ലഡ് സ്ക്വാഡിന്റെ പ്രവർത്തനങ്ങളും നടത്തുന്നതിന് പരിശീലനം നൽകാനും തീരുമാനിച്ചു. ഇറിഗേഷൻ, പൊതുമരാമത്ത് റോഡ്സ്, എൻ.എച്ച്., കെ.എസ്.ഇ.ബി, പൊലീസ്, അഗ്നിരക്ഷാ സേന വിഭാഗങ്ങളുടെയും പ്രതിനിധികളെ കൂടി ഫ്ലഡ് സ്ക്വാഡിന്റെ ഭാഗമായി ഉൾപ്പെടുത്തും. വെള്ളക്കെട്ട് വരുന്ന സ്ഥലങ്ങളിൽ ഒഴിവാക്കുന്നതിന് അടിയന്തര പ്രവൃത്തി നടത്തുന്നതിന് സാമഗ്രികൾ വാങ്ങി സൂക്ഷിക്കുന്നതിന് കോർപറേഷൻ ക്ലീൻ സിറ്റി മാനേജറെ ചുമതലപ്പെടുത്തി. റാം മോഹൻ റോഡിലെയും ആര്യസമാജത്തിന്റെയും മുന്നിലുള്ള ഓവുചാൽ വൃത്തിയാക്കാത്ത ഭാഗം ഉടൻ വൃത്തിയാക്കും. ചിന്താവളപ്പ് ഫ്ലാറ്റ് അടിയന്തരമായി പരിശോധിച്ച് നടപടിക്ക് ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. എം.എം. അലി റോഡിലെ ഓവുചാലുകൾ വൃത്തിയാക്കാൻ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെട്ടു.
പുതിയ പാലത്ത് കനോലി കനാൽ ചേരുന്നിടത്ത് മണ്ണ് നീക്കും. ചെലവൂരിൽ കോർപറേഷനും പി.ഡബ്ല്യു.ഡിയും ഓടകളിൽ സംയുക്ത സ്ഥലപരിശോധന നടത്തും. ഫ്രാൻസിസ് റോഡ് ജങ്ഷനിൽ തോൽപ്പീടികയുടെ ഉള്ളിലൂടെയുള്ള ഓവുചാൽ പരിശോധിച്ച് ഒഴുക്ക് സുഗമമാക്കും. റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ കലക്ടേഴ്സ് റോഡിലൂടെ ഓവുചാൽ നിർമിച്ച് കല്ലായിപ്പുഴയിലേക്ക് എത്തിക്കുന്നതിന് നേരത്തെയുള്ള പദ്ധതി പെട്ടെന്ന് നടത്താൻ കഴിയാത്തതിനാൽ ബദൽ തേടും. റെയിലിന്റെ പടിഞ്ഞാറ് മനന്തലത്തോടിലെ മണ്ണെടുക്കും. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മേയർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരും കൗൺസിൽ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.