റോഡിൽ കുഴിയെടുത്ത് തൊഴിലാളികൾ സ്ഥലം വിട്ടു; ദുരിതത്തിലായി നാട്ടുകാർ
text_fieldsഎകരൂൽ: റിലയൻസ് ജിയോ കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കേബിൾ സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്ത് തൊഴിലാളികൾ സ്ഥലം വിട്ടു, ദുരിതത്തിലായി നാട്ടുകാരും യാത്രികരും. ഒരാഴ്ച മുമ്പാണ് എകരൂൽ - നരിക്കുനി റോഡിൽ വള്ളിയോത്ത് അങ്ങാടിയുടെ ഹൃദയഭാഗത്ത് തൊഴിലാളികളെത്തി കുഴിയെടുത്തത്. രണ്ടുദിവസത്തെ പ്രവൃത്തിക്ക് ശേഷം റോഡിനടിയിൽ കേബിൾ സ്ഥാപിക്കാൻ കൊണ്ടുവന്ന യന്ത്രം അടങ്ങിയ വാഹനവും നടുറോഡിൽ നിർത്തിയിട്ടാണ് കരാറുകാർ പോയത്.
ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സം രൂക്ഷമായി. കോഴിക്കോട് മെഡിക്കൽ കോളജിലേക്കടക്കം ദീർഘദൂര ബസും മറ്റു സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. സ്കൂൾ തുറന്നതോടെ പ്രദേശത്തെ എൽ.പി, യു.പി, അംഗൻവാടി തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് പോകുന്നവരും പ്രയാസത്തിലായി. റോഡിന്റെ ഒരുവശത്ത് നിർത്തിയിട്ട ഡ്രില്ലിങ് മെഷീൻ അടങ്ങിയ വാഹനവും മറുവശത്ത് വാഹനങ്ങളുടെ തിരക്കും കാരണം കാൽനടയാത്ര അസാധ്യമായ സ്ഥിതിയാണ്. അങ്ങാടിയിലെ പള്ളിയുടെ പ്രധാന കവാടത്തിന്റെ മുന്നിലും ഉൾപ്രദേശത്തുനിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡ് സംഗമിക്കുന്ന സ്ഥലത്താണ് കുഴിയുള്ളത്.
നിർത്തിയിട്ട കമ്പനിയുടെ വാഹനം കാരണം റോഡിന്റെ മറുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. നിരവധി ഇരുചക്ര വാഹനങ്ങൾ ഒരാഴ്ചക്കുള്ളിൽ അപകടത്തിൽപെട്ടതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം സ്വകാര്യ ബസ് കുഴിയുടെ അടുത്തുനിന്ന് വെട്ടിക്കുമ്പോൾ തൊട്ടടുത്ത കടയുടെ നെയിംബോർഡിൽ തട്ടി അപകടം ഉണ്ടായി. ചുറ്റും റിബൺ വലിച്ചു കെട്ടിയതല്ലാതെ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല.
കേബിൾ സ്ഥാപിക്കുന്ന ഡ്രില്ലിങ് മെഷീനിന്റെ റാഡ് പൊട്ടിയതാണ് പ്രവൃത്തി നിലക്കാൻ കാരണമെന്ന് ഹൈദരാബാദ് ആസ്ഥാനമായ കരാർ കമ്പനിയുടെ മാനേജർ അബ്ദുൽ കരീം ‘മാധ്യമ’ത്തോട് പറഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന റാഡ് ബംഗളൂരുവിൽ ലഭ്യമല്ലാത്തതിനാൽ ഹൈദരാബാദിൽനിന്ന് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ഒരാഴ്ചക്കകം പ്രവൃത്തി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.