വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണമാല മോഷ്ടിച്ചു
text_fieldsഎകരൂൽ: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണമാല കവർന്നു. ഉണ്ണികുളം പഞ്ചായത്തിലെ പരപ്പിൽ തളപ്പറ്റ ചാലിൽ സുധാകരന്റെ ഭാര്യ സരോജിനിയുടെ (60) മൂന്നര പവന്റെ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിട നിർമാണ തൊഴിലാളിയായ സുധാകരൻ ജോലിക്ക് പോയതായിരുന്നു.
ഉസ്മാന്റെ വീട് അന്വേഷിക്കാനെന്ന ഭാവേന വീട്ടിലെത്തിയയാൾ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ വീട്ടമ്മ വെള്ളം നൽകി. പാത്രം തിരികെ വാങ്ങി വീട്ടിനകത്തേക്ക് പോയ സരോജിനിയുടെ പിറകെ ഇയാൾ വീട്ടിനകത്തേക്ക് കയറി കഴുത്തിലണിഞ്ഞ സ്വർണമാല പിടിച്ചുപറിക്കുകയായിരുന്നു.
നിലത്തുവീണ വീട്ടമ്മയുമായി മൽപിടിത്തത്തിനിടെ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. 200 മീറ്റർ അകലെ കാത്തുനിന്ന മറ്റൊരാളോടൊപ്പം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. 25 വയസ്സ് തോന്നിക്കുന്ന പാൻറ്സും ഷർട്ടും ധരിച്ചയാളാണ് മോഷ്ടാവെന്ന് വീട്ടമ്മ പറഞ്ഞു. പിടിവലിക്കിടെ പൊട്ടിയ മാലയുടെ ഒരു കഷണം വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
വീഴ്ചയിൽ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.