തീക്കുനിയിലെ വെള്ളക്കെട്ട്; കർമപദ്ധതിയുമായി എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം
text_fieldsവേളം: വേളം-പുറമേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരൂർ ഗുളികപ്പുഴ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി യാത്രാ പ്രശ്നം പരിഹരിക്കുന്നതിനും പ്രദേശത്തെ വീട്ടുകാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനും കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കർമപദ്ധതി ആവിഷ്കരിച്ചു.
നിരന്തരം വെള്ളക്കെട്ട് രൂപപ്പെട്ട് കാൽനടയുൾപ്പെടെയുള്ള ഗതാഗതം തടസ്സപ്പെടുകയും പ്രദേശവാസികൾക്ക് ദുരിതമായി തീരുകയും ചെയ്തിരുന്നു.
തീക്കുനി വാച്ചാൽ തോടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കിയാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവുകയുള്ളൂ എന്ന് യോഗം വിലയിരുത്തി. വേളം ഗ്രാമപഞ്ചായത്തിലാണ് തോട് സംരക്ഷണ പ്രവൃത്തി നടത്താനിരിക്കുന്നത്. നിലവിൽ അനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ച് 292 മീറ്റർ ഭാഗത്തിന് ടെൻഡർ വിളിച്ചിട്ടുള്ളതായും മഴ കഴിഞ്ഞാൽ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അറിയിച്ചു.
പുറമേരി ഗ്രാമപഞ്ചായത്തിലെ ബാക്കിയുള്ള 80 മീറ്റർ ഭാഗം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മിയും അറിയിച്ചു.
തീക്കുനി വാച്ചാൽ തോടിന്റെ അതിർത്തികൾ മാർക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ അടിയന്തരമായി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ നടത്താൻ ചിലയിടങ്ങളിൽ തോടിന്റെ വീതിയും ആഴവും കുറഞ്ഞത് ഗൗരവമേറിയ പ്രശ്നമായിക്കണ്ട് മഴ മാറിയതിനു ശേഷം എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സ്ഥലം ഉടമകളെക്കണ്ട് സമ്മതം വാങ്ങാനും തീരുമാനമായി. നിലവിൽ ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ഫണ്ട് വകയിരുത്തിയ ഭാഗങ്ങൾക്ക് പുറമേയുള്ള തോട് നിർമാണത്തിനുള്ള എസ്റ്റിമേറ്റ്, മൈനർ ജലസേചന വിഭാഗം തയാറാക്കി സമർപ്പിക്കണമെന്നും തീരുമാനിച്ചു. ഈ പ്രപ്പോസലിന് സർക്കാർതലത്തിൽ അംഗീകാരം ലഭ്യമാക്കുന്നതിന് ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷവും തോട് സംരക്ഷണ പ്രവൃത്തി ഉൾപ്പെടുത്താൻ വേളം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടാകണമെന്ന് പൊതു അഭിപ്രായം ഉണ്ടായി.
മഴയുടെ തീവ്രത കുറഞ്ഞ ഉടനെ പഞ്ചായത്തിന്റെയും ജനകീയ പങ്കാളിത്തത്തോടെ തോട് വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
മഴയുടെ കാഠിന്യം കുറഞ്ഞതിനുശേഷം അരൂർ മുതൽ തീക്കുനി വരെ പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ ശരിയാക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. ജനപ്രതിനിധികളെ കൂടാതെ
യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എൻജിനീയർമാർ, മൈനർ ജലസേചന വിഭാഗം എൻജിനീയർമാർ, വേളം വില്ലേജ് ഓഫിസർ, വേളം പഞ്ചായത്ത് സെക്രട്ടറി, തോട് പുനരുദ്ധാരണ കമ്മിറ്റി പ്രതിനിധികൾ, പ്രദേശവാസികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,വ്യാപാരി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.