കോഴിക്കോട് സിറ്റി പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത ടി.ടി.ഐയിൽ മോഷണം
text_fieldsകോഴിക്കോട്: സിറ്റി പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത സ്ഥാപനത്തിൽ വൻ മോഷണം. മാനാഞ്ചിറയിലെ ടി.ടി.ഐയുടെ വാതിൽ കുത്തിത്തുറന്ന് ആറ് ലാപ്ടോപ്പും 3,800 രൂപയുമാണ് കവർന്നത്.
അലമാരയിലെ പെട്ടിയിൽ സൂക്ഷിച്ചതായിരുന്നു പണം. ലാപ്ടോപ്പുകൾക്ക് ഒന്നര ലക്ഷത്തിലേറെ രൂപ വിലവരും. ടി.ടി.ഐ വളപ്പിൽ ദിവസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തൊഴിലാളികൾ സൂക്ഷിച്ച പിക്കാസ് ഉപയോഗിച്ചാണ് വാതിൽ കുത്തിത്തുറന്നത്.
വ്യാഴാഴ്ച രാത്രി ഒമ്പതരക്കും പതിനൊന്നരക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് സംശിക്കുന്നത്. ഈ വളപ്പിൽതന്നെയുള്ള സ്കൂളിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന ദൃശ്യം തെളിഞ്ഞിട്ടുണ്ട്. ദൂരെനിന്നുള്ള ദൃശ്യമായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രാത്രി ഒമ്പതരക്കുള്ള ദൃശ്യത്തിലാണ് അജ്ഞാതനുള്ളത്.
വിരലടയാള വിദഗ്ധൻ പി. ശ്രീരാജും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ മണം പിടിച്ച് ഗെയിറ്റിന് മുന്നിലാണ് വന്നുനിന്നത്. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് മേധാവി ഓഫിസിനും പൊലീസ് കൺട്രോൾ റൂമിനും തൊട്ടടുത്തുള്ള സ്ഥാപനത്തിലെ കവർച്ച സേനക്കും നാണക്കേടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.