ഓട പണിയാൻ കരാറുകാരില്ല; വെള്ളക്കെട്ട് തുടരും
text_fieldsമാനാഞ്ചിറ എസ്.കെ പൊറ്റെക്കാട്ട് പ്രതിമക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുന്നിലെ വെള്ളക്കെട്ട്
കോഴിക്കോട്: മിഠായിതെരുവ് നവീകരിച്ചയന്ന് മുതൽ തുടങ്ങിയ കവാടത്തിലെ വെള്ളക്കെട്ട് ഈ മാഴക്കാലത്തും അതേപടി തുടരുന്നു. എട്ടുകൊല്ലം മുമ്പ് 2017 ഡിസംബർ 23നാണ് നവീകരിച്ച തെരുവ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. മിഠായിതെരുവിൽ ടൈൽ വിരിച്ച് ഉയർത്തിയതിനും പൊതുമരാമത്ത് റോഡിനുമിടയിലുള്ള താഴ്ന്ന ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതാണ് പ്രശ്നം.
ഏറ്റവുമൊടുവിൽ കോർപറേഷൻ 50 ലക്ഷം രൂപ ചെലവിൽ ഇവിടെ ഓട പണിത് വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതി തയാറിക്കിയെങ്കിലും പണി നടത്താൻ കരാറുകാരെത്തിയില്ല. മൂന്നുതവണ ടെൻഡർ വിളിച്ചിട്ടും ആരുമെത്തിയില്ലെന്നും കരാറുകാരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.
ഈ ഭാഗത്ത് മൂന്ന് മഴമരങ്ങളും പട്ടാളപ്പള്ളിക്ക് മുന്നിൽ മറ്റൊരു കൂറ്റൻ മഴമരവുമുണ്ട്. ഇവ മുറിച്ചുനീക്കാതെ ഓട പണിയാനാവില്ലെന്നാണ് കരാറുകാർ പറയുന്നത്. ഒരു തവണ മരം മുറിക്കാൻ ശ്രമം നടന്നപ്പോൾ പ്രകൃതി സ്നേഹികൾ തടഞ്ഞിരുന്നു. മാനാഞ്ചിറക്ക് ചുറ്റും പൊരിവെയിലിൽ പതിനായിരങ്ങൾക്ക് തണൽ വിരിക്കുന്ന മരങ്ങളാണിവ. നിറയെ വേരുകൾ പടർന്നതിനാൽ ഓട നിർമാണം ദുഷ്കരമാവുമെന്നാണ് പറയുന്നത്.
പട്ടാളപ്പള്ളിയുടെ ഭാഗത്തേക്ക് വെള്ളം ഓടവഴി തിരിച്ചുകൊണ്ടുപോവുകയാണ് ലക്ഷ്യം. മിഠായിതെരുവിന്റെ മാനാഞ്ചിറ ഭാഗത്തേക്കുള്ള കവാടത്തിലും സ്പോർട്സ് കൗൺസിൽ കെട്ടിടത്തിനുമുന്നിലും സെൻട്രൽ ലൈബ്രറിക്കു മുന്നിലും മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നു. എൽ.ഐ.സി റോഡിൽ ഓവുചാലില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം തൊട്ടടുത്ത ഓവുചാലിലേക്ക് നീങ്ങാനാവാതെ തളംകെട്ടുന്നു. ഒഴുക്കില്ലാത്ത വെള്ളത്തിൽ മാലിന്യം നിറഞ്ഞിരിക്കയാണ്. അഴുക്ക് വെള്ളത്തിൽ ചവിട്ടി വേണം ഇതുവഴി സഞ്ചരിക്കാൻ.
കോർപറേഷന്റെ പഴയ കിഡ്സൺ കെട്ടിടം പൊളിച്ച പാഴ് വസ്തുക്കൾ എടുത്തുമാറ്റാത്തതും വെള്ളം ഒഴുകിപ്പോകാതിരിക്കാൻ കാരണമാണ്. കിഡ്സൺ കെട്ടിടത്തിന് ചുറ്റുമുള്ള ഓവുചാലും ഫുട്പാത്തുമടക്കം പൊളിച്ച കെട്ടിട അവശിഷ്ടങ്ങൾ കൂടിക്കിടപ്പാണ്. മാനാഞ്ചിറ മൈതാനത്തിന്റെ മതിലിനോട് ചേർന്നാണ് ചെറിയ മഴ പെയ്യുമ്പോഴേക്കും അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നത്. ഇതുവഴി കാൽനടയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പതിവാണ്.
മിഠായിതെരുവിൽ കയറാൻ ചളി ചവിട്ടാതെ പോവാനാവില്ലെന്ന സ്ഥതിയാണ് തുടരുന്നത്. നവീകരണം കഴിഞ്ഞതുമുതൽ തെരുവിന്റെ മുഖശ്രീ കെടുത്തിയ വെള്ളക്കെട്ട് പല തവണ വാർത്തയായതാണ്. ഇടക്ക് നഗരസഭ മെറ്റൽ പൊടിയിട്ടും മറ്റും താൽക്കാലിക ശമനമുണ്ടാക്കിയെങ്കിലും എല്ലാം പഴയപടിയാവുന്നു. ചളിയും മാലിന്യവും നിറഞ്ഞ് ഒഴുക്കില്ലാത്ത വെള്ളത്തിൽ കൊതുക് കൂത്താടിയാണ്. എൽ.ഐ.സിക്ക് മുന്നിൽ ബസ് കാത്തിരിക്കാനെത്തുന്നവർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. വെള്ളമുള്ളതിനാൽ ബസുകൾ മാറ്റിനിർത്തുന്നതിനാൽ ഗതാഗതക്കുരുക്കും സ്ഥിരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.