വീണ്ടും അപകടം; കടപ്പുറത്ത് വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇനിയുമായില്ല
text_fieldsകോഴിക്കോട്: കടപ്പുറത്ത് വരുന്നവർ അപകടത്തിൽപെടുന്നത് കോഴിക്കോട് ബീച്ചിൽ ഇടക്കിടക്ക് ആവർത്തിക്കുന്നു. വർഷംതോറും ഒരാളെങ്കിലും മുങ്ങിമരിക്കുന്ന സ്ഥിതിയാണ് ബീച്ചിൽ. കടലിൽ കുളിക്കുന്നതിനിടെയും തിരയിൽപെടുന്ന ചെരിപ്പ്, പഴ്സ് തുടങ്ങിയവ എടുക്കാൻ ശ്രമിക്കുന്നതിനിടെയുമെല്ലാം നിലതെറ്റി മുമ്പ് പലതവണ ആളുകൾ കടലിൽപെട്ടിട്ടുണ്ട്.
ഞായറാഴ്ച അവധി ദിവസം എത്തിയ കൂട്ടുകാർക്കാണ് ഏറ്റവുമൊടുവിൽ അപകടം പിണഞ്ഞത്. പഴയ ലയൺസ് പാർക്കിന് സമീപം ഫുട്ബാൾ കളിച്ച് ദേഹത്തെ മണൽ കഴുകാൻ കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം. കടുത്ത ഉൾവലിവായിരുന്നു ആസമയം കടലിലെന്ന് വെള്ളത്തിലിറങ്ങിയവർ പറയുന്നു.
തൊട്ടടുത്ത് വെള്ളയിൽ പുതിയ പുലിമുട്ട് വന്നതും കടലിലെ ഒഴുക്കിന്റെ ഗതിമാറാൻ കാരണമാണ്. പരിചയമില്ലാത്തവർ ഇറങ്ങുമ്പോൾ ഈ ഭാഗത്തെ ചളിയിൽ കാൽ ആഴ്ന്നിറങ്ങി നിലതെറ്റി വീഴുന്നതും പതിവാണ്.
കോഴിക്കോട് ബീച്ചിൽ രണ്ട് കടൽപാലത്തിനുമിടയിലും അതിന്റെ സമീപങ്ങളിലുമാണ് നിരന്തരമായി മുങ്ങിമരണങ്ങൾ നടക്കുന്നത്. പുറമേ ശാന്തമായി തോന്നാമെങ്കിലും കടുത്ത ഉൾവലിവാണ് ഈ ഭാഗങ്ങളിൽ. കടലിൽ മഴ പെയ്യുകയും ശക്തമായ തിരമാലയുണ്ടാവുകയുമായാൽ അപകടാവസ്ഥ കൂടും. എല്ലാ ഞായറാഴ്ചയും അവധിദിവസങ്ങളിലും നിരവധി പേരാണ് പുലർച്ച മുതൽ കടപ്പുറത്ത് എത്തുന്നത്.
എന്നാൽ, അതിനാവശ്യമായ സുരക്ഷാസംവിധാനം കാര്യമായിയില്ല. ബീച്ചിൽ പെട്ടെന്ന് സുരക്ഷയെത്തിക്കാൻ എതാനും ലൈഫ് ഗാർഡുകൾ മാത്രമാണ് ഇപ്പോഴുള്ളത്. മുമ്പ് ഇരുകടൽപാലങ്ങൾക്കിടയിലായിരുന്നു ബീച്ചിൽ സന്ദർശകർ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുതിയാപ്പക്കും കല്ലായി അഴിമുഖത്തിനുമിടയിൽ ബീച്ച് സൗന്ദര്യവത്കരണം നടന്നതിനാൽ ആയിരക്കണക്കിനാളുകളാണ് കടപ്പുറത്ത് വരുന്നത്.
ഇതിനനുസരിച്ചുള്ള രക്ഷാസംവിധാനമൊന്നും ബീച്ചിലില്ല. കടപ്പുറത്ത് സന്ദർശകരെ നിയന്ത്രിക്കാനെത്തുന്ന ഗാർഡുമാരോടും മറ്റും ‘കടപ്പുറത്ത് വരുന്നത് കടലിൽ കളിക്കാനല്ലേ, കടൽ ആദ്യമായി കാണുന്നവരൊന്നുമല്ല ഞങ്ങൾ’ എന്ന രീതിയിൽ പ്രതികരിക്കുന്നവരും കുറവല്ല.
കാലവർഷത്തിൽ കലിയിളകിയാൽ കടലിനെപ്പറ്റി മുന്നറിയിപ്പ് നൽകാൻ ചുവന്ന കൊടികൾ നാട്ടാറുണ്ടെങ്കിലും സാധാരണ സമയങ്ങളിലും കടൽ അപകടകാരിയാണെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. വിനോദ സഞ്ചാര വകുപ്പ് കോഴിക്കോട് ബീച്ചിൽ നിയോഗിച്ച ലൈഫ് ഗാർഡുകൾ സുരക്ഷാക്രമീകരണങ്ങളെപ്പറ്റി ബോധമില്ലാത്ത നാട്ടുകാരെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പണിപ്പെടുന്ന കാഴ്ച പതിവാണ്.
അപകടകരമാവുന്നവിധം കടലിലേക്കിറങ്ങുന്നത് കണ്ടാൽ വിസിലടിച്ച് മുന്നറിയിപ്പ് നൽകി സന്ദർശകരെ പിന്തിരിപ്പിക്കണമെന്നാണ് ഇവർക്കുള്ള നിർദേശം. എന്നാൽ, പലപ്പോഴും അനുസരിക്കാതെ വഴക്കിനു വരുന്ന സന്ദർശകരെയോർത്ത് നിസ്സഹായരായിരിക്കാനേ ഇവർക്കാവുന്നുള്ളൂ. ഇടക്കിടെ അപകടമുണ്ടാവുന്ന കടപ്പുറത്ത് ജീവൻ രക്ഷിക്കാൻ മറ്റ് സംവിധാനമൊന്നുമില്ല. കോഴിക്കോട് ബീച്ചിൽ നിയമിച്ച ലൈഫ് ഗാർഡുകൾക്കും ആവശ്യത്തിന് സൗകര്യമൊന്നും കടപ്പുറത്തില്ല.
ഡ്യൂട്ടി വസ്ത്രവും ഉപകരണങ്ങളും സൂക്ഷിക്കാനും സംവിധാനമില്ല. കടപ്പുറത്ത് കംഫർട്ട് സ്റ്റേഷനുകളുടെ കുറവ് എല്ലാ നേരവും ബീച്ചിൽ കഴിയേണ്ട ഇവരെയാണ് ഏറ്റവും ബുദ്ധിമുട്ടിലാക്കുന്നത്. സൗകര്യമില്ലാത്തതിനാൽ സർക്കാർ അനുവദിച്ച സുരക്ഷാ സാമഗ്രികളായ ലൈഫ് ബോയും റെസ്ക്യൂ ട്യൂബുമൊക്കെ മുഴുവനായി ഉപയോഗിക്കാനാവുന്നില്ല. രാവിലെ എട്ടുമുതൽ ആറുവരെയാണ് ലൈഫ് ഗാർഡുകളുടെ ജോലിസമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.