പുതിയ പട്ടികയിലും മലബാറിലെ പാസഞ്ചർ ട്രെയിനുകളില്ല
text_fieldsകോഴിക്കോട്: മേയ് 30ന് പുനരാരംഭിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ പട്ടികയിൽ മലബാറിലെ ജനകീയ ട്രെയിനുകളില്ല. മലബാറിനോട് റെയിൽവേ അവഗണന എന്ന പതിവ് പരാതി ശരിവെക്കും വിധമാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പട്ടിക.
തൃശൂർ- കണ്ണൂർ പാസഞ്ചർ, കോഴിക്കോട് -കോയമ്പത്തൂർ പാസഞ്ചർ തുടങ്ങിയവ പുതിയ പട്ടികയിലില്ല. അതേസമയം, തൃശൂർ-ഗുരവായൂർ, കൊല്ലം-തിരുവനന്തപുരം, കോട്ടയം -കൊല്ലം, പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനുകൾ 30ന് പുനരാരംഭിക്കും. മലബറിലെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പാസഞ്ചർ ട്രെയിനുകൾ രണ്ട് വർഷമായി മുടങ്ങിയിട്ട്.
കോവിഡിന്‍റെ പേരിൽ നിർത്തിവെച്ചതാണ്. നിയന്ത്രണങ്ങൾ നീങ്ങിയശേഷം മറ്റ് പല ട്രെയിനുകളും പുനഃസ്ഥാപിച്ചെങ്കിലും നിത്യയാത്രികരുടെ ട്രെയിനിനെ റെയിൽവേ പരിഗണിച്ചില്ല. കോയമ്പത്തൂരിൽനിന്ന് വൈകീട്ട് 4.50ന് തൃശൂരിലേക്ക് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനും പുനഃസ്ഥാപിക്കേണ്ടത് മലബാറിലെ യാത്രികരുടെ ആവശ്യമാണ്. ഈ വണ്ടി കഞ്ചിക്കോട് വൈകീട്ട് 5.40നും പാലക്കാട് 5.50നും എത്തിയിരുന്നതിനാൽ ജോലികഴിഞ്ഞ് വരുന്നവർ തിരിച്ചു വരാൻ ആശ്രയിച്ചിരുന്നത് കോയമ്പത്തൂർ-തൃശൂർ പാസഞ്ചറാണ്.
വൈകീട്ട് ഏഴ് മണിക്ക് ഷൊർണൂരിൽ എത്തുമ്പോൾ കണക്ഷൻ ട്രെയിനായി അവിടെ തൃശൂർ - കോഴിക്കോട് പാസഞ്ചർ ഉണ്ടാവും. അതിൽ കയറി ഷൊർണൂരിൽനിന്ന് വടക്കോട്ടുള്ളവർക്ക് യാത്രചെയ്യാമായിരുന്നു. ഈ സൗകര്യമെല്ലാം നിലച്ചു. കുറഞ്ഞ ശമ്പളത്തിൽ ജോലിക്കുപോകുന്നവർ നിത്യയാത്രക്ക് ആശ്രയിച്ച ട്രെയിനുകൾ ഇല്ലാതായതോടെ നൂറുകണക്കിന് പേർക്ക് ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.