കുന്ദമംഗലത്തുണ്ട് കഥയെഴുതിത്തെളിഞ്ഞൊരു വീട്ടമ്മ
text_fieldsകുന്ദമംഗലം: പേടിയോടെ എഴുതി തുടങ്ങി നിരവധി മികച്ച കഥകൾ സമ്മാനിച്ച എഴുത്തുകാരിയുണ്ട് കുന്ദമംഗലത്ത്. താളിക്കുണ്ട് സ്വദേശി മൈമൂനാസ് വെള്ളിമാട്കുന്ന്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ലൈബ്രറിയിൽനിന്ന് കഥകൾ വായിക്കാൻ തുടങ്ങി.
കുറ്റാന്വേഷണ കഥകളോടായിരുന്നു താൽപര്യം. തനിക്കും കഥയെഴുതാൻ കഴിയുമെന്ന തോന്നലിൽ കുറെ കഥകൾ എഴുതിയെങ്കിലും ആരെയും കാണിച്ചില്ല.
2009ൽ 'ജയിലിൽ നിന്നൊരു മാരൻ' എന്ന ആദ്യകഥ പു.ക.സയുടെ വനിത സാഹിതി കഥരചനാ മത്സരത്തിന് അയച്ചു. സംഘാടകർ തിരഞ്ഞെടുത്ത ആറ് കഥകളിലൊന്ന് മൈമൂനാസിന്റേതായിരുന്നു.
2022ൽ പൂക്കാട് കലാലയം നടത്തിയ ആവണിപ്പൂവരങ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2021ൽ മൂന്നുതവണ കഥാമത്സരത്തിൽ വിജയിയായി. നിരവധി രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ നടത്തിയ കഥാമത്സരത്തിൽ വിജയിയായി.
നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ വന്നു. ധാർമികത മാസികയുടെ എക്സലന്റ് അവാർഡും ഫറോക്ക് വയനക്കൂട്ടം നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നടത്തിയ ലെറ്റർ ചലഞ്ച് മത്സരത്തിൽ വിജയിയായി.
ചെറുകഥകൾ, ഫീച്ചറുകൾ, ലേഖനം, മിനിക്കഥ അടക്കം 150 സൃഷ്ടികൾ രചിച്ചു. അറബി കാലിഗ്രഫിയും ബാത്തിക് പെയിന്റ് കലയും പഠിച്ചിട്ടുണ്ട്.
സുഹൃത്തുക്കളോടൊപ്പം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ മൂന്ന് ദിവസത്തെ പെയിന്റിങ് പ്രദർശനം നടത്തിയിരുന്നു. തന്റെ കഥകൾ സമാഹരിച്ച് പുസ്തകമാക്കാനാണ് ആഗ്രഹം. ഭർത്താവ്: അബ്ദുൽ ഹമീദ്. മക്കൾ: ഹസ്ന ജഫ്‌സാർ, ഹബീബ് സഫ്നാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.