രോഗികളുടെ കൂട്ടിരിപ്പുകാർക്ക് തല ചായ്ക്കാൻ തെരുവ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് രോഗികളുടെ കൂട്ടിരിപ്പുകാർ രാപാർക്കാൻ പ്രയാസമനുഭവിക്കുമ്പോൾ റസ്റ്റ്ഹൗസ് കെട്ടിടം കച്ചവടക്കാരുടെ കൈയിൽ. കോഴിക്കോട് കോർപറേഷൻ 1975ൽ നിർമിച്ച റെസ്റ്റ്ഹൗസാണ് വ്യാപാരത്തിന് വിട്ടുകൊടുത്തത്. ശൗച്യാലയം ഡോർമിറ്ററി എന്നിവയടങ്ങിയ റസ്റ്റ്ഹൗസ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു.
ഇത് നിർമിച്ച കാലത്തേക്കാൾ ആവശ്യം ഇരട്ടിയായിട്ടും പദ്ധതി കച്ചവടക്കാർക്ക് വിട്ടുകൊടുത്ത് ജനങ്ങളുടെ ദുരിതം അവഗണിക്കുന്ന അധികൃതരുടെ നടപടിയിൽ വിമർശനമുയരുന്നുണ്ട്. ആയിരക്കണക്കിനാളുകളെത്തുന്ന മെഡി. കോളജ് പരിസരത്ത് പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പരിമിതമാണ്.
ആറ് പൊതു ബാത്ത്റൂം ഉൾപ്പെടെയുള്ള കെട്ടിടമാണ് ഇല്ലാതായത്. ഇത് നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗത്തിന് അനുവദിക്കണം. ഈ കെട്ടിടത്തിനടിയിൽ വാഹന പാർക്കിങ് സൗകര്യമുണ്ട്. ഇവിടെ കച്ചവടക്കാർ ഗോഡൗൺ ആയി ഉപയോഗിക്കുകയാണ്. 50 പേർക്ക് അന്തിയുറങ്ങാൻ സൗകര്യമുള്ള മുറിക്കു പുറമെ രണ്ട് മിനി മീറ്റിങ് ഹാളും കെട്ടിടത്തിലുണ്ടായിരുന്നു.
ഇതെല്ലാം വാടകക്ക് നൽകിയിരിക്കയാണ് കോർപറേഷൻ. ചുരുങ്ങിയ ചെലവിൽ പൊതുജനങ്ങൾക്ക് രാപാർക്കാനുള്ള ഇടമാണ് ഇല്ലാതായത്. നിലവിൽ ആശുപത്രി പരിസരത്തും റോഡരികിലും ആളുകൾ തല ചായ്ക്കുന്ന അവസ്ഥയാണ്. ഐ.എം.സി.എച്ച് മുറ്റത്ത് ചെറിയൊരു സംവിധാനം ഉണ്ട്. അതിൽ കൊള്ളാതെ ആളുകൾ മുറ്റത്ത് മഞ്ഞും മഴയും കൊണ്ട് അന്തിയുറങ്ങുകയാണ്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മോഷണ ആരോപണമുണ്ടായതും ആദിവാസി യുവാവിനെ സംശയിച്ച് ആളുകൾ ചോദ്യം ചെയ്തതും. ഒടുവിൽ യുവാവിന്റെ ആത്മഹത്യയിൽ വരെയെത്തി സംഭവം. ആറ് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന മെഡി. കോളജിൽ പൊതുജനങ്ങൾക്ക് അടിസ്ഥാനസൗകര്യം നിർവഹിക്കാൻ സർക്കാർ പദ്ധതികൾ പേരിനു പോലുമില്ല.
വിവിധ സംഘടനകളും സ്ഥാപനങ്ങളും ഒരുക്കിയ സൗകര്യങ്ങളാണ് ജനത്തിന് ആശ്വാസം. ഈ ഘട്ടത്തിലാണ് ഉള്ള സൗകര്യവും ഇല്ലാതാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.