മന്ത്രിയില്ല, ജനകീയ ആശുപത്രി കെട്ടിടോദ്ഘാടനം അനിശ്ചിതത്വത്തിൽ
text_fieldsനാദാപുരം: നാട്ടുകാരുടെ സഹകരണത്തിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വീണ്ടും അനിശ്ചിതത്വത്തിൽ. തൂണേരി ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി നിലനിൽക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയ പോരിനിടയിൽ ഈ മാസം ഒമ്പതിന് നിശ്ചയിച്ച ഉദ്ഘാടന ചടങ്ങാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം നടത്താൻ ശ്രമം നടന്നിരുന്നെങ്കിലും നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി തിരക്കിലായതിനാൽ ജനുവരിയിലേക്ക് മാറ്റി.
ഇതിനിടെ, തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി നിർമിച്ച് ഡിസംബർ 25ന് നടന്ന പുതിയ കെട്ടിടോദ്ഘാടന ചടങ്ങാണ് വിവാദത്തിലായത്. കെ. മുരളീധരൻ എം.പിയെ ഉദ്ഘാടകനാക്കിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രിയെതന്നെ തടഞ്ഞ് എൽ.ഡി.എഫ് രംഗത്തിറങ്ങിയതെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
ജില്ലയിലെതന്നെ മികച്ച സൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണ് തൂണേരിയിൽ പണിതിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങൾ, ലാബ്, മുഴുവൻ സ്ഥലങ്ങളിലും എ.സി, സോളാർ പാനലുകൾ എന്നിവ നിർമാണത്തിലെ പ്രത്യേകതകളാണ്. സാധാരണക്കാർ മുതൽ വ്യവസായിക രംഗത്ത് പ്രവർത്തിക്കുന്നവർ വരെയുള്ളവർ സംഭാവന നൽകിയ ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് കെട്ടിടംപണി പൂർത്തിയാക്കിയത്. എൻ.ആർ.എച്ച്.എം വഴി അനുവദിച്ച 15 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
നിലവിലെ പ്രസിഡന്റ് പി. ഷാഹിനയുടെ സ്വപ്നപദ്ധതികളിൽ ഒന്നായിരുന്നു ആശുപത്രി നിർമാണം. മുന്നണി ധാരണയനുസരിച്ച് ഡിസംബറിൽ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നെങ്കിലും ഉദ്ഘാടനം പ്രമാണിച്ച് ജനുവരിയിലേക്ക് രാജി മാറ്റുകയായിരുന്നു. സജ്ജീകരണം എല്ലാം പൂർത്തിയായ ആശുപത്രി ഉദ്ഘാടനം അനിശ്ചിതമായി നീളുന്നതിൽ നാട്ടുകാരും അതൃപ്തിയിലാണ്. എന്നാൽ, വികസനകാര്യത്തിൽ യു.ഡി.എഫ് ഭരണസമിതി പക്ഷപാത സമീപനം സ്വീകരിക്കുന്നതായി എൽ.ഡി.എഫ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.