ആളില്ലാതെ ഭക്ഷ്യസുരക്ഷ വിഭാഗം; പരിശോധനകൾ വഴിമുട്ടുന്നു
text_fieldsകോഴിക്കോട്: ഭക്ഷ്യസുരക്ഷ ഭീഷണി നേരിടുമ്പോൾ മതിയായ പരിശോധനകൾക്കും നടപടി സ്വീകരിക്കാനും സംവിധാനം നാമമാത്രം. ഒരു നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷ ഓഫിസർ എന്ന അനുപാതത്തിലാണ് നിലവിൽ ഉദ്യോഗസ്ഥരുള്ളത്.
നഗരത്തിലും നാട്ടിൻപുറങ്ങളിലും ഭക്ഷണശാലകൾ നിറയുമ്പോൾ പരിശോധന അതിനനുസരിച്ച് നടത്താൻ ആളില്ലാത്ത സ്ഥിതിയാണ്. പ്രത്യേകിച്ച് കോഴിക്കോട് പോലുള്ള നഗരങ്ങളിലും സമീപഗ്രാമങ്ങളിലും നൂറുകണക്കിന് ഭക്ഷണശാലകളാണ് പുതുതായി ആരംഭിക്കുന്നത്.
കർശന പരിശോധനകൾ വേണ്ട മേഖലയാണ് ഹോട്ടലുകൾ. പക്ഷേ, ഒരു നിയോജക മണ്ഡലത്തിൽ ഒരു ഓഫിസർക്ക് എത്ര കടകൾ പരിശോധിക്കാനാവുമെന്നതാണ് പ്രശ്നം. സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്താകെ 13 ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ ഒഴിവേയുള്ളൂ. സംസ്ഥാനത്ത് ആകെ 160 ഫുഡ് സേഫ്റ്റി ഓഫിസർമാരാണുള്ളത്.
ഫുഡ് സേഫ്റ്റി ഓഫിസർ, ജൂനിയർ ലാബ് അസിസ്റ്റന്റുൾപ്പെടെ ഒഴിവുകൾ നികത്താതെ കിടക്കുകയാണ്. ഭക്ഷ്യസുരക്ഷ ലാബുകളുടെ അപര്യാപ്തതയും പ്രതിസന്ധിയാണ്. ഭക്ഷ്യവസ്തുക്കളിലേറെയും അന്തർസംസ്ഥാനങ്ങളിൽനിന്നാണ് വരുന്നത്. ഇവയുടെ ഗുണമേന്മ പരിശോധനക്ക് അതിർത്തി ചെക്പോസ്റ്റുകളിൽതന്നെ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.
ഏറ്റവുമധികം സുരക്ഷ വേണ്ട മേഖലയാണ് ഭക്ഷ്യമേഖല. ഭക്ഷണവസ്തുക്കൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതി വാങ്ങണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആരോഗ്യവകുപ്പിന് ഭക്ഷണശാലകളുടെ വൃത്തിയും വെടിപ്പും മറ്റു കാര്യങ്ങളും പരിശോധിക്കാനേ അധികാരമുള്ളൂ. ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ ശാസ്ത്രീയ പരിശോധനക്കയക്കേണ്ട ചുമതല ഫുഡ് സേഫ്റ്റി ഓഫിസർക്കാണ്.
ആവശ്യത്തിന് ആളില്ലാത്തതിനാൽ ഭക്ഷ്യസുരക്ഷ നടപടികൾ കാര്യക്ഷമമായി നടപ്പാക്കാനാവുന്നില്ല. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സ്പെഷൽ പരിശോധനകൾ നടത്തുകയാണ്. പതിവ് പരിശോധനകൾ കർശനമായി നടക്കാത്തതിനാൽ പരാതികൾ കൂടിവരുകയാണ്.
ജില്ലയിൽ ഒരാഴ്ചക്കിടെ 19 ഭക്ഷണശാലകൾ അടപ്പിച്ചു
ജില്ലയിൽ ഒരാഴ്ചക്കിടെ പരിശോധന നടന്നത് 547 ഭക്ഷണശാലകളിൽ. ഇതിൽ ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടും. ജനുവരി മൂന്നുമുതൽ സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 19 കടകൾ അടപ്പിച്ചതായി കോഴിക്കോട് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
ഗുരുതര വീഴ്ചകൾ കണ്ടെത്തിയതും ലൈസൻസില്ലാതെ പ്രവർത്തിച്ചതുമായവയാണ് അടപ്പിച്ചത്. 40 കടകൾക്ക് പിഴയിട്ടു. 36ഓളം കടകൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ പറഞ്ഞു. ഈ മാസം 13 വരെയാണ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.