ലോറി നിർത്തിയിടാൻ സ്ഥലമായില്ല; വീണ്ടും പ്രതിഷേധത്തിന് തൊഴിലാളികൾ
text_fieldsകോഴിക്കോട്: നഗരത്തിൽ ലോറി നിർത്തിയിടാൻ വേണ്ടത്ര സൗകര്യമില്ലെന്ന പരാതിക്ക് പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തിൽ വീണ്ടും പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു. ഇതിനായി രൂപവത്കരിച്ച സർവകക്ഷി ലോറി പാർക്കിങ് സംരക്ഷണ സമിതി വീണ്ടും പ്രതിഷേധ പരിപാടിക്ക് രൂപം നൽകി.
ആദ്യഘട്ടമായി ഈ ആഴ്ച മേയറുമായി കണ്ട് ചർച്ച നടത്തുമെന്ന് സംരക്ഷണ സമിതി ഉപാധ്യക്ഷൻ അഡ്വ. സി.എം. ജംഷീർ പറഞ്ഞു. എല്ലാ തൊഴിലാളി യൂനിയനുകളുടെയും ആഭിമുഖ്യത്തിലുള്ളതാണ് സംരക്ഷണ സമിതി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നഗരത്തിലെത്തുന്ന ലോറികൾക്ക് നിർത്തിയിടാനും തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോർപറേഷനും മന്ത്രി തലത്തിലുമൊക്കെ പലതവണ നിവേദനം കൊടുത്തിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ സമരമാർഗത്തിലേക്ക് പോവാൻ ചെയർമാൻ എൻ.കെ.സി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു.
ഏറ്റവുമൊടുവിൽ ബീച്ചിലെ ലോറി, കാർ പാർക്കിങ്ങിന് തുറമുഖ വകുപ്പിന്റെ ഭൂമിയിൽ ഇടമൊരുക്കാൻ തീരുമാനമായെങ്കിലും കാര്യങ്ങൾക്ക് വേഗമില്ല.
പേരിനൊരു ലോറി സ്റ്റാൻഡ്
കോർപറേഷൻ പ്രഖ്യാപിച്ച ലോറി സ്റ്റാൻഡ് പണി ഇതുവരെ യാഥാർഥ്യമായില്ല. വലിയങ്ങാടിയിലും പരിസരത്തുമെത്തുന്ന ലോറികൾ നിർത്താൻ ഇപ്പോൾ മതിയായ സൗകര്യമില്ല. 1968ൽ പി. കുട്ടിക്കൃഷ്ണൻ നായർ മേയറായിരിക്കേ ഗതാഗത മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ഉദ്ഘാടനം ചെയ്ത ലോറി സ്റ്റാൻഡിൽ ഇപ്പോൾ ഇഞ്ച് പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
വലിയങ്ങാടിയിലും പരിസരത്തുമെത്തുന്ന ലോറികൾ നിർത്താൻ സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നു. മതിയായ സൗകര്യത്തോടുകൂടിയ പാർക്കിങ് ഹബ്ബ് നിർമിച്ചുനൽണമെന്നാണ് ലോറിയുടമകളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ലോറിയുടമകളുടെയും ഏജന്റുമാരുടെയും തൊഴിലാളികളുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ ലോറി പാർക്കിങ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുമ്പ് അധികാരികളെ പലതവണ കണ്ടിരുന്നു.
നഗരത്തിൽ ലോറികൾ നിർത്താനുള്ള സ്ഥലം കണ്ടെത്തിയാൽ സ്റ്റാൻഡ് നിർമിക്കാമെന്നാണ് അധികാരികളുടെ നിലപാട്. ലോറികൾ നിർത്തുന്നതുമായി ബന്ധപ്പെട്ട് പലതവണ പ്രശ്നങ്ങളുണ്ടായിരുന്നു. സൗത്ത് ബീച്ചിൽ ലോറി നിർത്തുന്നതിനെതിരെ പ്രക്ഷോഭമുയരുകയും അവിടെ വണ്ടി നിർത്തുന്നത് അനധികൃതമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ടൈലിട്ട് വൃത്തിയാക്കിയ ബീച്ച് റോഡരികിൽ ലോറികൾ കൊണ്ടിടുന്നത് പ്രതിഷേധമുയർത്തുന്നു.
ഇനിയും സ്ഥലം കണ്ടെത്താനായില്ല
കടപ്പുറത്ത് പോർട്ട് ഓഫിസിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തും വെസ്റ്റ്ഹിൽ ചുങ്കത്തും മീഞ്ചന്തയിലുമെല്ലാം ലോറികൾ നിർത്തുന്ന കാര്യം കോർപറേഷൻ ആലോചിച്ചിരുന്നു. പ്രദേശവാസികളുടെ എതിർപ്പ് എല്ലായിടത്തുമുയർന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ലോറിയുമായി തങ്ങുന്നത് നാട്ടുകാർ പ്രോത്സാഹിപ്പാക്കാത്തതാണ് മുഖ്യ പ്രശ്നം.
ലോറി നിർത്തുകയും തിരിക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിനൊപ്പം സ്വൈരജീവിതവും തടസ്സപ്പെടുന്നുവെന്നാണ് പരാതി. സൗത്ത് ബീച്ചിൽ റോഡിൽ നിർത്തുന്നത് തടഞ്ഞ് പകരം പോർട്ടിന്റെ വളപ്പിൽ 60 ലോറികൾക്കെങ്കിലും സൗകര്യമൊരുക്കാനാവുമെന്ന് നഗരസഭ ആലോചിച്ചിരുന്നുവെങ്കിലും നടന്നില്ല.
വലിയങ്ങാടിയിലേക്ക് വരുന്ന ലോറികൾ കോതിക്കും സൗത്ത് ബീച്ചിനുമിടയിൽ റോഡിൽ നിർത്തിയിടുന്നത് പതിവാണ്. സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് തോപ്പയിലേക്ക് മാറ്റാനും സ്ഥലമൊരുക്കാന് 1.9 ലക്ഷം രൂപ നീക്കിവെക്കാനും കോര്പറേഷന് തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാം വെറുതെയായി.
സ്റ്റാൻഡ് വെള്ളയിൽ തോപ്പയിലേക്ക് മാറ്റുന്നതിനെതിരെയും പ്രതിഷേധം നടന്നിരുന്നു. മുമ്പ് ലോറി സ്റ്റാൻഡ് അനുവദിക്കാൻ തീരുമാനിച്ച മീഞ്ചന്തയിലെ സ്ഥലത്ത് ബസ് സ്റ്റാൻഡ് പണിയാനാണ് ഇപ്പോൾ കോർപറേഷൻ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.