ശമ്പള വർധനയിൽ പക്ഷപാതിത്വമെന്ന്; നിപക്കെതിരെ പോരാടിയവർ നീതി തേടി കോടതിയിലേക്ക്
text_fieldsകോഴിക്കോട്: കോഴിക്കോട്ട് 2018ൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ആരോഗ്യപ്രവത്തകർക്ക് വാഗ്ദാനംചെയ്ത ശമ്പള വർധന അനുവദിക്കുന്നതിൽ പക്ഷപാതം കാണിച്ചതായി പരാതി. നിപ ഡ്യൂട്ടിയെടുത്ത 58 നഴ്സിങ് അസിസ്റ്റന്റുമാരിൽ നാലുപേർക്ക് മാത്രമേ സർക്കാർ പ്രഖ്യാപിച്ച അധിക ശമ്പള വർധന ലഭിക്കുന്നുള്ളൂ.
മറ്റുള്ളവർക്ക് ഇതുവരെ വാഗ്ദാനം ചെയ്ത ഇൻഗ്രിമെന്റ് അനുവദിച്ചിട്ടില്ല. ഇത് അനുവദിക്കാത്തപക്ഷം നീതി തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാർ. നിപ ഡ്യൂട്ടിയെടുത്ത എല്ലാ ജീവനക്കാർക്കും തുല്യനീതി ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകി. 30ഓളം നഴ്സുമാരാണ് സൂപ്രണ്ടിന് കത്ത് നൽകിയത്.
മാത്രമല്ല, നിപ ഡ്യൂട്ടിയെടുത്ത 42ഓളം താൽക്കാലിക ജീവനക്കാരായ ക്ലീനിങ് തൊഴിലാളികൾക്ക്, പിരിച്ചുവിടാത്ത രീതിയിൽ ജോലി നൽകണമെന്ന് സർക്കാർ നിഷ്കർഷിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ടുപേരെ കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ ചെസ്റ്റ് ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരേ പരാതി കൊടുത്തെങ്കിലും പരിഹാരം ഇതുവരെ ആയിട്ടില്ലെന്നും പ്രതിപക്ഷ തൊഴിലാളി യൂനിയനുകൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.