കുടിവെള്ളക്ഷാമത്തിന് പരിഹാരമില്ല അഴിയൂർ ബ്രാഞ്ച് കനാൽ പൂട്ടി വറ്റിവരണ്ട് ജലാശയങ്ങൾ
text_fieldsവടകര: ചോറോട്ടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാതെ വന്നതോടെ അഴിയൂർ ബ്രാഞ്ച് കനാൽ പൂട്ടി. കനാൽ തുറന്ന് നാലു ദിവസം മാത്രമാണ് വെള്ളം ലഭിച്ചത്. ആദ്യദിനം കനാലിന്റെ ഒരുഭാഗം തകർന്നതോടെ അടക്കുകയും അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തുറന്നെങ്കിലും നാലു ദിവസത്തിന് ശേഷം പൂട്ടുകയായിരുന്നു.
ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ പാഞ്ചേരിക്കുന്ന് കോളനി, കുരിക്കിലാട്, കണിയാംകുന്ന് കോളനി, കണ്ണാശ്ശേരിക്കുന്ന്, ചേന്ദമംഗലം, വൈക്കിലശ്ശേരി, കണ്യാറത്ത്മുക്ക്, പുതിയോട്ടിൽ താഴെ, മൊട്ടന്തറക്കുന്ന്, അങ്ങാടി മല എന്നിവിടങ്ങളിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കുടിവെള്ള പദ്ധതി കിണറുകൾ വറ്റുന്നത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പമ്പിങ് നടക്കുന്നത്.
ഗ്രാമപഞ്ചായത്ത് ലോറിയിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും എല്ലായിടത്തുമെത്തുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ചോറോട് സർവിസ് സഹകരണ ബാങ്ക് കുടിവെള്ളമെത്തിക്കുന്നുണ്ട്. രണ്ടു മാസമായി കോളനികളിൽ കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മയുടെ (കെ.എം.എസ്.കെ) നേതൃത്വത്തിൽ എല്ലാദിവസവും സൗജന്യമായി വെള്ളമെത്തിച്ചുവരുകയാണ്. കുരിക്കിലാട് ഭാഗത്ത് കനിവ്, ചോറോട് ഭാഗത്ത് സ്പാർക്ക് എന്നിങ്ങനെ പല സംഘടനകളും ജനങ്ങൾക്ക് വെള്ളമെത്തിക്കുന്നുണ്ട്. എല്ലാ വർഷവും മേയിൽ കനാൽ തുറക്കാറുണ്ടെങ്കിലും ഇത്തവണ പെട്ടെന്നു തന്നെ അടച്ചത് സ്ഥിതിഗതികൾ രൂക്ഷമാക്കിയേക്കുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.