സൂക്ഷിക്കാൻ ഇടമില്ല കാർഷികയന്ത്രങ്ങൾ നശിക്കുന്നു
text_fieldsമാനന്തവാടി: സൂക്ഷിക്കാൻ സ്ഥലമില്ലാതെ ലക്ഷങ്ങൾ വിലമതിക്കുന്ന കാർഷികയന്ത്രങ്ങൾ നശിക്കുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളായ പാലിയാണ-കക്കടവ്-കരിങ്ങാരി പാടശേഖരങ്ങളുടെ ഉപയോഗത്തിനായി കൃഷി ഭവൻ മുഖാന്തരം നൽകപ്പെട്ട മെതിയന്ത്രങ്ങളും ഉഴവുയന്ത്രങ്ങളുമാണ് സൂക്ഷിക്കാൻ സ്ഥലമില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നത്. പല യന്ത്രങ്ങളും സ്വകാര്യ വ്യക്തികളുടെ മുറ്റത്തും പാതയോരങ്ങളിലുമാണ് അനാഥാവസ്ഥയിലുള്ളത്. യന്ത്രങ്ങൾ സൂക്ഷിക്കാൻ ഏറെ സ്ഥലസൗകര്യം വേണ്ടതിനാൽ വീട്ടുമുറ്റങ്ങളിൽ ഇവ വെക്കൽ ഏറെ പ്രയാസമാണ്. തുറന്ന സ്ഥലങ്ങളിൽ സ്ഥിരമായി സൂക്ഷിക്കുന്നതോടെ മഴയും വെയിലുമേറ്റ് തുരുമ്പെടുക്കുകയാണ്.
കൃഷിരീതികൾ അനുദിനം ആധുനികവത്കരിക്കപ്പെടുന്ന ഇക്കാലത്ത് പഴയകാല കാർഷികയന്ത്രങ്ങളുടെ പ്രസക്തിയും കുറഞ്ഞിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ കാലഹരണപ്പെടുകയാണ്. ഇപ്പോൾ നിലമുഴുന്നതിന് റൊട്ടേറ്റർ ട്രാക്ടറുകളും വിളവെടുക്കുന്നതിന് ആധുനിക കൊയ്ത്ത് യന്ത്രങ്ങളുമാണ് കർഷകർ ഉപയോഗിക്കുന്നത്. കാർഷിക മേഖലയിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ കൃഷിയിറക്കലിനും വിളവെടുപ്പിനും കർഷകർക്ക് അമിത ചാർജ് നൽകേണ്ട അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഉപയോഗ ശൂന്യമായ കാർഷിക യന്ത്രങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഇവ മോഷ്ടാക്കൾ കൈവശപ്പെടുത്താനുള്ള സാധ്യതതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വാർഡുകൾ കേന്ദ്രീകരിച്ച് കാർഷിക യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പിന് സൗകര്യമൊരുക്കണമെന്നും യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കർഷകർക്ക് പരിശീലനം നൽകണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.