അത്യാഹിത വിഭാഗത്തിൽ ഒരു എക്സ്റേ യൂനിറ്റ് എങ്കിലും വേണ്ടേ സർ?
text_fieldsകോഴിക്കോട്: അത്യാഹിതത്തിൽപെടുന്ന രോഗികൾക്ക് എക്സ്റേ സൗകര്യം പോലുമില്ലാതെ മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം. പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റിയശേഷം രോഗികൾക്ക് ചികിത്സ വൈകുന്ന അവസ്ഥയാണ്.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ആദ്യം വേണ്ട എക്സ്റേ യൂനിറ്റ് മിക്ക ദിവസങ്ങളിലും പണിമുടക്കിലായിരിക്കും. രണ്ടാഴ്ച മുമ്പ് പണിമുടക്കിയ എക്സ്റേ പ്രവർത്തനക്ഷമമായിട്ടില്ല. ഇടക്കിടെ പണിമുടക്കുന്ന എക്സ്റേ ഒരു മാസം വരെ അടച്ചിട്ട ശേഷമാണ് നന്നാക്കുക. രണ്ടാമത്തെ എക്സ്റേ യൂനിറ്റിൽ മെഷീൻ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും നിർമാണം നടത്തുന്ന കമ്പനി ഇത് മെഡിക്കൽ കോളജിന് കൈമാറിയിട്ടില്ല.
ചികിത്സ വൈകുന്നു
ഫലത്തിൽ രണ്ടു റൂമുകൾക്കു മുന്നിൽ എക്സ്റേ എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും എക്സ്റേ എടുക്കണമെങ്കിൽ രോഗികളെ 300 മീറ്റർ അകലെ ജനൽ ആശുപത്രി ബ്ലോക്കിൽ എത്തിക്കണം. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഇത്രദൂരം കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കുന്നു. കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽ വരിനിന്ന് പരിശോധനക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർ കൂടി നടന്ന് മെയിൻ കൗണ്ടറിൽ ചെന്ന് പണം അടക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും. നിലവാരം കുറഞ്ഞ എക്സ് റേ മെഷീനാണ് പുതിയ കാഷ്വാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ചതെന്നാണ് ആരോപണം. മാത്രമല്ല, പ്രവർത്തനശേഷിയും കുറവാണ്. ഇതുകാരണം മെഷീൻ ഇടക്കിടെ പണിമുടക്കും. ഇത് മാറ്റി ഗുണനിലവാരമുള്ള മെഷീൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറ്റ്സിന് കത്ത് കൊടുത്തിരിക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ.
ആരുടെ താൽപര്യം?
അത്യാഹിത വിഭാഗത്തിൽ മൂന്നാം തവണയും പണിമുടക്കിയത് അധികൃതരുടെ നിർദേശം അവഗണിച്ച് അടിച്ചേൽപിച്ച എക്സ്റേ മെഷീൻ. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം കരാറെടുത്ത എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ഹൈറ്റ്സ് ആണ് മെഷീൻ സ്ഥാപിച്ചത്. ദിവസം 400ലധികം എക്സ്റേ എടുക്കേണ്ടിവരുന്ന കാഷ്വാലിറ്റിയിലേക്ക് യോജിച്ചതല്ല ഇതെന്ന് മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹി ആസ്ഥാനമായ ജി.എം.ഇ കമ്പനിയുടെ മെഷീനാണ് സ്ഥാപിച്ചത്. കമ്പനി നേരത്തെ കെ.എം.എസ്.സി.എൽ വഴി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്ത ഉപകരണങ്ങൾക്കൊന്നും കൃത്യമായ സർവിസ് ലഭിക്കുന്നില്ലെന്നതും അധികൃതർ ഹൈറ്റ്സിനെ അറിയിച്ചിരുന്നു. എന്നാൽ, തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും യന്ത്രം നേരത്തെ തന്നെ വാങ്ങിയെന്നുമായിരുന്നു മറുപടി. ഇതോടെ മെഷീൻ സ്വീകരിക്കാൻ കോളജ് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ ജനറേറ്റർ യൂനിറ്റ് കത്തിനശിച്ചിരുന്നു. മൂന്നു ദിവസം കഴിഞ്ഞാണ് തകരാർ പരിഹരിച്ചത്. പിന്നീടങ്ങോട്ട് പണിമുടക്ക് പരമ്പരയാണ്. മെഡിക്കൽ കോളജിന് ഫണ്ട് കണ്ടെത്താനാവാത്തത് കാരണം രണ്ടാമത്തെ എക്സ്റേ യൂനിറ്റും ഹൈറ്റ്സ് തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.