സരോവരത്തിലേക്ക് ഇനിയും പാലമായില്ല
text_fieldsകോഴിക്കോട്: നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായ സരോവരം ബയോപാർക്കിലേക്ക് ഈ മഴക്കാലത്തും പാലമായില്ല. മിനി ബൈപാസിൽനിന്ന് കനോലി കനാൽ മുറിച്ച് കടക്കാനുള്ള പാലം പണിയാണ് നീണ്ടുപോവുന്നത്.
സരോവരം മേഖല ബയോപാർക്കാക്കുന്നതിന് മുമ്പ് പണിത പഴയപാലം ജീർണിച്ച് എപ്പോഴും പൊളിഞ്ഞ് വീഴുമെന്ന സ്ഥിതിയിലാണ്. പാർക്കിലേക്കുള്ള പ്രധാന വഴിയായാണ് ഇപ്പോഴും ഈ പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ മുഴുവൻ പുറത്തു കാണുന്ന അവസ്ഥയാണ്.
പാർക്കിലേക്കുള്ള മുഖ്യ വഴിയെന്ന നിലയിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ടൈലുകൾ ഒട്ടിച്ച് ഭംഗിയാക്കിയിട്ടുണ്ടെങ്കിലും പാലത്തിന്റെ അടിഭാഗം കണ്ടാൽ അപകടം മണക്കും. കനോലി കനാലിന്റെ ചുമതലയുള്ള ഇറിഗേഷൻ വകുപ്പ് മുമ്പ് പാലം പണിത കാലത്ത് കാര്യമായ ആൾപ്പെരുമാറ്റമില്ലാത്ത മേഖലയായിരുന്നു ഇവിടെ.
ബയോപാർക്കും മിനി ബൈപാസും വന്ന് തിരക്കായതുമുതൽ പാലം നവീകരിക്കാൻ ടൂറിസം പ്രമോഷൻ കൗൺസിൽ ഇറിഗേഷന്‍ കത്ത് നൽകിയിരുന്നു. പലതവണ കത്തുകൾ കൈമാറി. പാലം വീതി കൂട്ടി മനോഹരമാക്കുമെന്നുള്ള പ്രഖ്യാപനം പലതവണ വന്നെങ്കിലും നടപ്പായില്ല.
വിവിധ കാരണങ്ങൾ പറഞ്ഞായിരുന്നു പാലം പണി നീണ്ടത്. ഏറ്റവുമൊടുവിൽ കനോലി കനാലിന്റെയും അതുവഴി നഗരത്തിന്റെയും മുഖച്ഛായ മാറ്റുന്ന സമഗ്രവികസനത്തിനുള്ള കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി വരുമെന്ന കാരണം പറഞ്ഞാണ് നവീകരണം നീളുന്നത്.
കനോലി കനാലിൽ വേണ്ടത് 23 പാലങ്ങൾ
കഴിഞ്ഞ കൊല്ലം സരോവരം ബയോ പാർക്കിന്റെ രണ്ടാംഘട്ട നവീകരണത്തിന് സർക്കാർ 2.19 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ പാലവും പദ്ധതിയിലുൾപ്പെടുത്തുകയുമുണ്ടായി. എന്നാൽ, കനാൽ സിറ്റി പദ്ധതി പ്രഖ്യാപിച്ചതോടെ പാലം പണി നടന്നില്ല.
കനാൽ സിറ്റി പദ്ധതിയുടെ വിശദ പദ്ധതിരേഖ ഏറെക്കുറെ തയാറായെങ്കിലും പാലങ്ങളുടെ ഉയരത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പത്തിൽ തീരുമാനമായില്ല. നാല് മീറ്ററാണോ ആറ് മീറ്ററാണോ ഉയരം വേണ്ടതെന്ന കാര്യത്തിലാണ് തീരുമാനം നീണ്ടുപോവുന്നത്. കല്ലായിപ്പുഴക്കും കോരപ്പുഴക്കുമിടെ 11.2 കിലോമീറ്ററുള്ള കനോലി കനാലിൽ 23 പാലങ്ങൾ വേണമെന്നാണ് പ്രാഥമിക നിഗമനം. കനാലിന്റെയും പരിസരത്തെയും വൻ വികസനനമാണ് കനാൽ സിറ്റി പദ്ധതി മുന്നോട്ടുവെക്കുന്നത്.
കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡി (ക്വിൽ)ന്റെ നേതൃത്വത്തിലാണ് കനാൽ നവീകരണം. 1118 കോടിയുടെ പദ്ധതിയാണ് നേരത്തേ കണ്ടിരുന്നത്. ലീ അസോസിയേറ്റ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡി.പി.ആർ. തയാറാക്കുന്നത്. ഇതിന് മുന്നോടിയായി കരട് തയാറാക്കി സർക്കാറിന് സമർപ്പിച്ചെങ്കിലും അത് പുതുക്കണമെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.