ഒന്നും രണ്ടുമല്ല, പത്ത് ജില്ലകളിൽ വാഹനമോഷണവും കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കോഴിക്കോട്: കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും വഴിയോര കടകളിലും കവർച്ചയും നടത്തിവന്ന പ്രതികളെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കൽ വീട്ടിൽ റസൽ ജാസി (24), ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ അഖിബ് ആഷിഖ് (26) എന്നിവരെയാണ് മോഷണ ബൈക്കുകളുമായി ബുധനാഴ്ച പരപ്പനങ്ങാടിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിന്റെ അന്വേഷണത്തിനിടെയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലെ പെട്രോൾ പമ്പിൽ മോഷണം നടത്തി മോഷണ ബൈക്കും മുതലുകളുമായി വരുന്നതിനിടെ പിടിയിലായത്.
പന്നിയങ്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് 10 ജില്ലകളിലായി 20ഓളം കേസ് നിലവിലുള്ളതായും പ്രതികൾ സ്ഥിരമായി സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുകയും അതിനു പകരമായി മൊബൈൽ ഫോണുകളും മറ്റും മോഷണം നടത്താൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. മോഷ്ടിച്ചെടുത്ത ഫോണുകൾ തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തുള്ള മൊബൈൽ ഷോപ്പുകളിൽ വിൽപന നടത്തിയതായും കണ്ടെത്തി. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദിഖ് അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്തു. പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ, എസ്.ഐ കിരൺ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ വിജേഷ്, ദിലീപ്, ബിനോയ് വിശ്വം എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.