കോഴിക്കോട് നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു; പത്തോളം കടകളിൽ കവർച്ച
text_fieldsകോഴിക്കോട്: നഗരപരിധിയിൽ മോഷണം തുടർക്കഥയാവുന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്തതടക്കം നാലുദിവസത്തിനുള്ളിൽ പത്തോളം സ്ഥലത്താണ് കവർച്ചയുണ്ടായത്. നാലാം ഗേറ്റ് സ്വദേശി പി.എം. ബഷീർ അഹമ്മദിന്റെ ബഷീർ ട്രേഡേഴ്സിൽ നിന്ന് 25,000 രൂപയും ബിലാത്തിക്കുളം സ്വദേശി പോൾസണിന്റെ പള്ളിപ്പുറം ബ്രദേഴ്സിൽ നിന്ന് 5,000 രൂപയുമാണ് ചൊവ്വാഴ്ച രാത്രി കവർന്നത്. വലിയങ്ങാടിയിലെ ഈ രണ്ടു പലചരക്ക് കടകളുടെയും ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം.
പള്ളിപ്പുറം ബ്രദേഴ്സിനുള്ളിലെ സി.സി.ടി.വി കാമറ മറച്ചുെവച്ച മോഷ്ടാവ്, മോണിറ്റർ കത്തിച്ചുകളയുകയും ഡി.വി.ആർ ഉൗരിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധൻ പി. ശ്രീരാജ്, ടൗൺ എസ്.ഐ പി. വാസുദേവൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജയേഷ്, ബാബു എന്നിവരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി െതളിവുകൾ ശേഖരിച്ചു. രണ്ടു ദിവസം മുമ്പ് വലിയങ്ങാടിയിലെ തന്നെ മറ്റ് ആറോളം കടകളിലും കവർച്ച നടന്നിരുന്നതായി വ്യാപാരികൾ പറഞ്ഞു. ഇതിൽ ഒരുകടയിൽ നിന്ന് 16,000 രൂപ നഷ്ടമായിട്ടുണ്ട്.
തിങ്കളാഴ്ച അരയിടത്തുപാലത്തിനു സമീപത്തെ സിഫ്കോ മെബൈൽ ഷോറൂമിൽനിന്ന് രണ്ടര ലക്ഷം രൂപയുടെ ഫോണുകളും 11,000 രൂപയുമാണ് കവർന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ചു നടന്ന കവർച്ചയിൽ മെഡിക്കൽ കോളജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിരലടയാള വിദഗ്ധ എ.വി. ശ്രീജയ സ്ഥലത്തുനിന്ന് െതളിവുകൾ ശേഖരിച്ചു.
എരഞ്ഞിപ്പാലം തായാട്ട് ക്ഷേത്രത്തിന് സമീപം ഹൗസിങ് കോളനിയിലെ ഭാവന വീട്ടിൽ യമുന ബാലകൃഷ്ണന്റെ സ്വർണമാല കവർന്നത് ഞായറാഴ്ചയാണ്. മുകൾ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ഇവരുടെ രണ്ടരപവൻ തൂക്കമുള്ള മാല പൊട്ടിക്കവേയുണ്ടായ പിടിവലിയിൽ മാലയുടെ കഷണം ഇവർക്കുതന്നെ ലഭിച്ചിട്ടുണ്ട്്.
സംഭവത്തിൽ നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ െചയ്തത്. നഗരപരിധിയിൽ മോഷണം പതിവായ പശ്ചാത്തലത്തിൽ പൊലീസിന്റെ രാത്രികാല പട്രോളിങ് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.