ക്ഷേത്രത്തിൽ അഴിഞ്ഞാടി മോഷ്ടാക്കൾ
text_fieldsകോഴിക്കോട്: കോട്ടൂളി പൈപ്പ് ലൈൻ റോഡിനുസമീപം മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രത്തിൽ കള്ളന്മാരുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിന്‍റെ ഓഫിസ് മുറി, തൊട്ടടുത്ത മൂന്നുമുറികൾ എന്നിവയുടെ പൂട്ടുതകർത്ത് അകത്തുകയറിയ സംഘം ഭണ്ഡാരങ്ങളിലടക്കം നിരവധിയിടങ്ങളിൽ മോഷണം നടത്തി.
രണ്ട് വലിയ ഉരുളി, രണ്ട് ചെറിയ ഉരുളി, 10 അടി നീളത്തിലുള്ള വിളക്ക്, മൂന്ന് തൂക്കുവിളക്ക് എന്നിവ നഷ്ടപ്പെട്ടതായി ക്ഷേത്രാധികാരികൾ പറഞ്ഞു. അഞ്ച് ഭണ്ഡാരങ്ങൾ തകർത്തു. ഭണ്ഡാരങ്ങളിൽ മൊത്തം 20,000 രൂപയുണ്ടായിരുന്നതായി കരുതുന്നു. എല്ലാംകൂടി ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
വ്യാഴാഴ്ച പുലർച്ച അഞ്ചോടെ ജീവനക്കാർ പാട്ടുവെക്കാൻ മുറികളിലൊന്നിൽ എത്തിയപ്പോഴാണ് കുത്തിത്തുറന്നതായി കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ക്ഷേത്രകമ്മിറ്റിയംഗങ്ങൾ എത്തിയപ്പോഴാണ് കള്ളന്മാരുടെ ആക്രമണം കണ്ടെത്തിയത്. മുറികളെല്ലാം തുറന്ന നിലയിലായിരുന്നു. മേശയും അലമാരകളും വാരിവലിച്ചിട്ട നിലയിലാണ്.
പുറത്തെ മണ്ഡപത്തിലുണ്ടായിരുന്ന ആറുനില വിളക്ക്, മുഖ്യ കോവിലിനുമുന്നിലെ ഓട്ടുമണി, ഉപക്ഷേത്രത്തിന് ചുറ്റുമുള്ള തൂക്കുവിളക്കുകൾ എന്നിവയെല്ലാം നഷ്ടമായതിലുൾപ്പെടുന്നു. ഉപക്ഷേത്രത്തിനുമുന്നിലെ രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ടുപൊളിച്ച് പണം കൊണ്ടുപോയി. ഒരു ഭണ്ഡാരം ഇളക്കിയെടുത്ത് ക്ഷേത്രത്തിനുപിന്നിൽ എത്തിച്ച് കുത്തിത്തുറന്നു.
വെള്ളിയുരുളി അലൂമിനിയമാണെന്ന് കരുതിയാവാം എടുത്തില്ല. മൂന്ന് ഭണ്ഡാരം പൊളിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞിട്ടില്ല. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി.ജെ. രാജഗോപാലിന്‍റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് സംഘം സ്ഥലത്തെത്തി.
നിരീക്ഷണ കാമറ പരിശോധിക്കും
മെഡിക്കൽ കോളജ് സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തിൽ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ് ക്ഷേത്രത്തിനുചുറ്റും ഓടി, ഓഫിസുകളിലും ചുറ്റിയശേഷം ഭണ്ഡാരങ്ങളും മണത്തശേഷം പൈപ്പ് ലൈൻ റോഡ് വഴി പട്ടേരി ഭാഗത്തേക്ക് ഓടി.
ക്ഷേത്രത്തിലും പരിസരത്തുമൊന്നും സി.സി.ടി.വി കാമറയില്ല. നായ് ഓടിയ ഭാഗത്ത് രണ്ടുകിലോമീറ്ററോളം അകലെയുള്ള സി.സി.ടി.വി കാമറ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. പൊലീസ് പരിശോധനയിൽ വെട്ടുകത്തി, ചുറ്റിക, ഹെൽമെറ്റ് എന്നിവ കണ്ടെത്തി. വെട്ടുകത്തി ക്ഷേത്രം ഒഫിസിൽനിന്ന് എടുത്തതാണെന്ന് തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.