കാട്ടുപന്നിയുടെ കുത്തേറ്റ കർഷകൻ ചികിത്സയിൽ; ജീവിതം വഴിമുട്ടി കുടുംബം
text_fieldsതിരുവമ്പാടി: കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ദരിദ്ര കർഷകന്റെ ജീവിതം വഴിമുട്ടി. പുന്നക്കൽ വഴിക്കടവ് ചീക്കല്ലേൽ ബെന്നിയെ (58) കഴിഞ്ഞ ഞായറാഴ്ചയാണ് പശുവിന് പുല്ല് തീറ്റുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചത്. ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്.
മൂന്നു ഭിന്നശേഷി പെൺമക്കളുള്ള അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് തിരുവമ്പാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന ബെന്നിയുടെ കുടുംബം. പശുവാണ് ഏക വരുമാന മാർഗം. കൈക്കും കാലിനും പരിക്കേറ്റതോടെ ആഴ്ചകളോളം വിശ്രമിക്കേണ്ട അവസ്ഥയിലാണ് ബെന്നി. കാട്ടുപന്നിയുടെ കുത്തേറ്റ കർഷകനെന്ന പരിഗണനയിൽ ഒരു അടിയന്തര സഹായവും സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല.
ഉപജീവന മാർഗം തടസ്സപ്പെട്ട ഭിന്നശേഷിക്കാരായ മൂന്നു പെൺമക്കളുള്ള കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യമുയർന്നു. കുടുംബത്തെ സംരക്ഷിക്കാൻ വനം വകുപ്പിൽ നിന്നുൾപ്പെടെ അടിയന്തര ധനസഹായം ഉടൻ ലഭ്യമാക്കണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.