അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്: സ്ഥലം വിട്ട് നൽകിയവരുടെ കൃഷിയിടത്തിലേക്ക് റോഡ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവമ്പാടി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്തവർക്ക് കൃഷിഭൂമിയിലേക്ക് പ്രവേശിക്കുന്നതിനായി റോഡ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. കൃഷിസ്ഥലത്തേക്ക് റോഡ് നിർമിച്ചുനൽകാമെന്ന വാഗ്ദാനത്തിലാണ് ഭൂമി സൗജന്യമായി വിട്ടുനൽകിയതെന്നായിരുന്നു പരാതി. കഴിഞ്ഞ ആഗസ്റ്റ് 25ന് നടന്ന സിറ്റിങ്ങിൽ റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ ഹാജരായി വിശദീകരണം നൽകി.
പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് വസ്തുവിലേക്കുള്ള സഞ്ചാരപാത ശ്രദ്ധയിൽപ്പെടാത്തതിനാൽ വഴി നിർമിക്കുന്ന കാര്യം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂലൈ 22ന് തിരുവമ്പാടി എം.എൽ.എയും റോഡ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്ത് സംയുക്ത പരിശോധന നടത്തി ചെയ്യേണ്ട പ്രവൃത്തികളുടെ ഒരു ലിസ്റ്റ് തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയിലുള്ള വഴി നിർമാണവും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിന് അംഗീകാരം ലഭിച്ചാലുടൻ സഞ്ചാരപാത നിർമിക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കോടഞ്ചേരി സ്വദേശികളായ ഇ.ജി. ജോസുകുട്ടി, സണ്ണി ജോർജ്, ഷിനോയ് ജോസഫ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.